ഇന്നലെ കാസർകോട്ടേക്ക് മംഗളുരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം നിർത്തി വയ്ക്കുകയാണെന്ന് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. കാസർകോട്ടെ പ്രധാനപ്പെട്ട 5 സർക്കാർ, സ്വകാര്യ ആശുപത്രികളും ആശ്രയിക്കുന്നത് മംഗളുരുവിനെയാണ്.
കാസർകോട്: കാസർകോട്ടെ ഓക്സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം. വടക്കൻ ജില്ലകളിൽ നിന്ന് 290 സിലിണ്ടറുകൾ എത്തിച്ചു. ഇന്നലെ കാസർകോട്ടേക്ക് മംഗളുരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം നിർത്തി വയ്ക്കുകയാണെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. കാസർകോട്ടെ പ്രധാനപ്പെട്ട 5 സർക്കാർ, സ്വകാര്യ ആശുപത്രികളും ആശ്രയിക്കുന്നത് മംഗളുരുവിനെയാണ്. കാസർകോട്ട് ഓക്സിജനെത്തിക്കാൻ സഹായിക്കണമെന്ന ജില്ലാ കളക്ടറുടെ ഫേസ്ബുക്കിലൂടെയുള്ള സഹായാഭ്യർത്ഥന വിവാദമായിരുന്നു.
ഇന്നലെ കോഴിക്കോട്ട് നിന്ന് 93 സിലിണ്ടറുകളും, മലപ്പുറത്ത് നിന്ന് 94 സിലിണ്ടറുകളും കണ്ണൂർ ധർമശാലയിൽ നിന്ന് 34 സിലിണ്ടറുകളുമാണ് എത്തിച്ചത്. ഇത് കാരണം ഇന്നത്തേക്ക് പ്രതിസന്ധിയില്ല എന്നുറപ്പാണ്. ഒരു പക്ഷേ നാളത്തേക്കും വലിയ പ്രതിസന്ധിയുണ്ടായേക്കില്ല. പക്ഷേ അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും ജില്ലാ ഭരണകൂടത്തിന് വ്യക്തതയില്ല.
undefined
കാസർകോടിനായി 'ഓക്സിജൻ സിലിണ്ടർ ചലഞ്ച്' എന്ന തലക്കെട്ടിലാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പൊതു, സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്സിജൻ ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലക്കാണ് സിലിണ്ടറുകൾ അഭ്യർത്ഥിക്കുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ ആരോഗ്യവകുപ്പിന്‍റേയും നിസ്സഹായാവസ്ഥ വെളിവാക്കുന്നതാണ് അഭ്യർത്ഥനയെന്നാണ് പൊതുവിലയിരുത്തൽ. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇപ്പോഴും തുടരുകയാണ്. സമയത്ത് ഓക്സിജൻ സിലിണ്ടറുകൾ കിട്ടാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും ആശുപത്രി മാറ്റേണ്ട സാഹചര്യം കഴിഞ്ഞ ദിവസങ്ങളിലുണ്ടായി.
മംഗളൂരുവിൽ നിന്നും ഓക്സിജൻ സിലിണ്ടറുകളുടെ വരവ് നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പൊതു, സ്വകാര്യ ആശുപത്രികൾക്കായി ദിവസം കുറഞ്ഞത് 300 ഓക്സിജൻ സിലിണ്ടറുകൾ ജില്ലക്കാവശ്യമുണ്ട്. കണ്ണൂരിലെ ബാൽടെക് പ്ലാന്‍റിനെ മാത്രമാണ് നിലവിൽ ആശ്രയിക്കുന്നത്. പരാമവധി 300 സിലിണ്ടർ ഉത്പ്പാദന ശേഷിയുള്ള ഇവിടെ നിന്നും പരമാവധി 200 സിലിണ്ടറുകളാണ് കാസർകോട്ടേക്ക് എത്തിക്കുന്നത്. കണ്ണൂർ പ്ലാന്‍റിൽ ഉത്പ്പാദനം കൂട്ടുകയോ സ്ഥിരമായി മറ്റ് ജില്ലകളിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുകയോ ചെയ്യണമെന്ന ആവശ്യം സജീവമാണ്. എന്നാൽ കോഴിക്കോട്ടടക്കം രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ ഇതെത്ര മാത്രം പ്രായോഗികമാകും എന്നതാണ് ആശങ്ക.