മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി, വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

By Web Team  |  First Published Jun 12, 2023, 5:31 PM IST

വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.


കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതി ചേർത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബ‍ർ 22 ന് മോന്‍സന്‍റെ കലൂരുലുള്ള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല. 

Latest Videos

undefined

Also Read: കെ. വിദ്യയ്ക്കായി കെ എസ് യു 'ലുക്ക് ഔട്ട് നോട്ടീസ്', പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ പതിച്ചു 

കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുള്ള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പ്രതികരിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!