മങ്കിപോക്‌സ്: കേരളത്തിൽ കണ്ടെത്തിയത് വ്യാപന ശേഷി കുറഞ്ഞ വൈറസെന്ന് ആരോഗ്യമന്ത്രി

By Web Team  |  First Published Jul 20, 2022, 7:37 PM IST

ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമെന്ന് വീണ ജോർ‍ജ്


തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴയില്‍ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. ആദ്യ കേസിന്റ ഏറ്റവും അടുത്ത പ്രൈമറി കോണ്‍ടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസള്‍ട്ടും നെഗറ്റീവ് ആണ്. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. സമ്പർക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യ പോസിറ്റീവ് കേസില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ വൈറസിന്റെ പ‍ടിഞ്ഞാറൻ ആഫ്രിക്കൻ വകഭേദമാണ് ( West African Strain) രോഗകാരി എന്ന് സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. ഇത് താരതമ്യേന വ്യാപനശേഷി കുറഞ്ഞതും മരണനിരക്ക് കുറവുള്ളതുമാണ്. മങ്കിപോക്‌സുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പ്രധാന പ്രവര്‍ത്തനങ്ങള്‍

Latest Videos

· മങ്കിപോക്‌സുമായി ബന്ധപ്പെട്ട അഡ്വൈസറിയും നിര്‍ദേശങ്ങളും ജില്ലകള്‍ക്ക് നല്‍കി

· സംസ്ഥാനതല അഡ്വൈസറിയും സര്‍വെയ്‌ലന്‍സ് ആക്ഷന്‍ പ്ലാനും തയ്യാറാക്കി രോഗ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

· രോഗം സംശയിക്കപ്പെട്ട വിവരം എസ്എസ്‍യുവില്‍ കിട്ടിയ ഉടന്‍ തന്നെ കൊല്ലം ജില്ലയില്‍ അറിയിക്കുകയും രോഗനിരീക്ഷണവും, സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുവാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി

· എന്‍.ഐ.വി. പൂനയില്‍ നിന്ന് രോഗസ്ഥിരീകരണ റിപ്പോര്‍ട്ട് ലഭിച്ച ഉടനെ തന്നെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.റ്റി) മീറ്റിംഗ് ചേര്‍ന്നു

· കുടുംബാംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവർ, കാബിന്‍ക്രൂർ, എയര്‍പോര്‍ട്ട് ജീവനക്കാർ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രൈമറി കോണ്‍ടാക്ടുകളെയും അല്ലാത്തവരെയും വേര്‍തിരിച്ച് നിരീക്ഷണത്തിലാക്കി

· ആശ വർക്കർമാരോട് ഗൃഹസന്ദര്‍ശനം നടത്തി രോഗനിരീക്ഷണം നടത്തുവാൻ നിര്‍ദേശിച്ചു

· 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തി

· എയര്‍പോര്‍ട്ട് നിരീക്ഷണത്തിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി

· ജില്ലകളില്‍ ഐസൊലേഷന്‍ സൗകര്യം ആശുപത്രികളില്‍ തയാറാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി

· ദിശ കാൾ സെന്റര്‍ ടീം അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി

· സംസ്ഥാനതലത്തില്‍ രോഗ നിരീക്ഷണത്തിനായി ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനക്ഷമമാക്കി

ജൂലൈ 16 ന് കേരളത്തിലെത്തിയ  കേന്ദ്ര സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായും വീണ ജോർജ് അറിയിച്ചു.

 

click me!