കാത്തിരിപ്പിന് മണിക്കൂറുകൾ മാത്രം ,രാജ്യത്തെ ആദ്യ വാട്ടർമെട്രോ സർവീസ്, മോദി നാളെ ഉദ്ഘാടനം ചെയ്യും

By Web Team  |  First Published Apr 24, 2023, 11:21 AM IST

പ്രാരംഭഘട്ടത്തിൽ എട്ട് ബോട്ടുകളാകും സർവീസ് നടത്തുക. ഹൈക്കോടതി ടെർമിനൽ മുതൽ വൈപ്പിൻ വരെയാകും ആദ്യ സർവീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക് , കൂടിയത് 40 രൂപ.


കൊച്ചി:രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആയ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും.   കൊച്ചിയുടെയും പത്ത് ദ്വീപുകളുടേയും ജലഗതാഗതം പുതിയ കാലത്തിന് ചേർന്നവിധം നവീനമാക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 2016ൽ നിർമാണം തുടങ്ങി മൂന്ന് വർഷം കൊണ്ട് ജനങ്ങൾക്ക് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രാരംഭഘട്ടത്തിൽ എട്ട് ബോട്ടുകളാകും സർവീസ് നടത്തുക. ഹൈക്കോടതി ടെർമിനൽ മുതൽ വൈപ്പിൻ വരെയാകും ആദ്യ സർവീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക് , കൂടിയത് 40 രൂപ. മെട്രോ സ്റ്റേഷനുകൾക്ക് സമാനമായാണ് ബോട്ട് ടെർമിനലുകൾ നിർമ്മിച്ചിരിക്കുന്നത്.

എഎഫ്സി ഗേറ്റുകൾ, വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ ലെവൽ നിലനിർത്താനാകുന്ന ഫ്ലോട്ടിംഗ് പോണ്ടൂണുകളും വാട്ടർ മെട്രോയുടെ പ്രത്യേകതകളാണ്.
കൊച്ചിൻ ഷിപ്‍യാർഡിൽ നിർമ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടിയാണ് നിർമാണ ചെലവ്. വൈദ്യുതി ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ബോട്ട് പ്രവർത്തിപ്പിക്കാനാകും. നൂറ് ശതമാനം ചാർജ് ചെയ്യാൻ വേണ്ട സമയം 20 മിനുട്ടാണ്. ഒരു മണിക്കൂർ ഓടിക്കാനാകും.
നാളെ രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് പ്രധാനമന്ത്രി വാട്ടർമെട്രോ ഉദ്ഘാടനം ചെയ്യും. കൊച്ചിയിലും അതേസമയം തന്നെ ഉദ്ഘാടന സർവീസ് ഉണ്ടാകും. ബുധനാഴ്ച മുതലാണ് റെഗുല‌ർ സർവീസ് തുടങ്ങുക.
 

Latest Videos

click me!