പഴയ ചാക്കിനേക്കാൾ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക് മാറുന്നുവെന്നും വിമർശനം
തൃശ്ശൂർ: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളമെത്തിക്കാതെയാണ് മോദി സർക്കാർ കക്കൂസ് നിർമ്മിച്ചതെന്നും മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ ചാക്കിനേക്കാൾ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക് മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ കർഷകർ വെള്ളമില്ലാത്തതിനാൽ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ്. പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർഥികളാക്കുന്നതാണ് മോദി സർക്കാരിന്റെ ഭരണം. ഒന്നര മാസത്തിനുള്ളിൽ 3 തവണ കേരളത്തിൽ വന്ന മോദി മണിപ്പൂരിൽ ഒരു തവണ പോലും പോയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാഗ്ദാനങ്ങൾ വിൽക്കാൻ വരുന്ന മോദിയെ ജനം വിശ്വസിക്കില്ല. ബിജെപിയും കോൺഗ്രസും സ്വാഭാവിക സഖ്യത്തിന് ശ്രമിക്കുകയാണ്. തൃശൂരിൽ ഒരിക്കലും ജയിക്കാത്തയാളെ സ്ഥാനാർത്ഥിയാക്കിയിട്ട്, കേന്ദ്ര മന്ത്രിയാക്കുമെന്നതാണ് മോദിയുടെ ഗ്യാരന്റിയെന്നും അദ്ദേഹം പരിഹസിച്ചു.