കൊച്ചിയിൽ മോഡലായ യുവതിയെ കാറിനകത്ത് കൂട്ടബലാത്സംഗം ചെയ്തു; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

By Web Team  |  First Published Nov 18, 2022, 7:19 PM IST

കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലാത്സംഗത്തിന് ഒത്താശ ചെയ്ത യുവതിയുടെ സുഹൃത്തായ സ്ത്രീയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 


കൊച്ചി: കൊച്ചിയിൽ യുവതിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. മോഡലായ യുവതിയെ ആണ് മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ - 

Latest Videos

ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറിൽ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കൾ യുവതിയെ കാറിൽ കയറ്റി. സുഹൃത്തായ സ്ത്രീ കാറിൽ കയറിയിരുന്നില്ല. തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇതേക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചത്. 

യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. യുവാക്കളേയും ഒത്താശ ചെയ്ത സ്ത്രീയേയും സൌത്ത് പൊലീസ് സ്റ്റേഷനിലേക്ക് െകാണ്ടു വരും എന്നാണ് വിവരം.

കൂട്ടബലാത്സംഗത്തെ തുടർന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറിൽ കേറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനപൂർവ്വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പൊലീസ് നൽകുന്ന സൂചന. നിലവിൽ മൂന്ന് യുവാക്കളും ഈ സ്ത്രീയും മാത്രമാണ് പ്രതികൾ എന്നാണ് പൊലീസ് കണ്ടെത്തൽ. 

 


 

tags
click me!