എംഎം ലോറൻസിന്‍റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ ഹര്‍ജി

By Web Team  |  First Published Sep 27, 2024, 3:13 PM IST

മതാചാരപ്രകാരം സംസ്കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാടും ആശ ഹൈക്കോടതിയെ അറിയിക്കും


കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ മകള്‍ ആശ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചു.  എംഎം ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കണമെന്ന കളമശ്ശേരി മെഡിക്കല്‍ കോളേജ് സമിതിയുടെ തീരുമാനം ചോദ്യം ചെയ്ത് ആശ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി.

മതാചാരപ്രകാരം സംസ്കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാടും ആശ ഹൈക്കോടതിയെ അറിയിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ ഹിയറിംഗ്  നിയമപ്രകാരമായിരുന്നില്ലെന്നും ആശ ലോറൻസ് ഹർജിയിൽ വാദം ഉന്നയിക്കുമെന്നാണ് വിവരം. നേരത്തെ മൃതദേഹം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ആശ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉപദേശക സമിതി രൂപീകരിച്ച് വിഷയം തീര്‍പ്പാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് സമിതി പരാതിക്കാരെ കേട്ടശേഷം വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തത്.

Latest Videos

നേരത്തെ, എം എം ലോറൻസിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാൻ തീരുമാനമെടുത്ത സുജാത ഇന്നലെ മെഡിക്കൽ കോളേജ് കമ്മിറ്റിക്ക് മുൻപാകെ രേഖാമൂലം തീരുമാനമൊന്നും അറിയിച്ചിരുന്നില്ല. എന്നാൽ വിഷയം കുടുംബപ്രശ്നമായതോടെ മതാചാരപ്രകാരം സംസ്കരിക്കാൻ താത്പര്യപ്പെടുന്നതായി വാക്കാൽ കമ്മിറ്റി മുൻപാകെ അറിയിച്ചിരുന്നു.

രേഖാമൂലം ഇത് എഴുതി നൽകിയില്ല. രോഗബാധിതനായ സമയത്ത് മതാചാരപ്രകാരം സംസ്കാരം നടത്താൻ ലോറൻസ് ആഗ്രഹിച്ചുവെന്നും ഇത് തെളിയിക്കുന്ന ഓഡിയോ റെക്കോർഡും ഉണ്ടെന്നും സുജാത സൂചിപ്പിച്ചു. എന്നാൽ അത് പിന്നീട് നഷ്ടപ്പെട്ടുവെന്നും സുജാത അറിയിച്ചു. മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകണമെന്നായിരുന്നു  ലോറൻസിന്റെ ആ​ഗ്രഹമെന്ന മൂത്ത മകൻ സജീവന്റെ മൊഴിയും ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് മൃതദേഹം വൈദ്യപഠനത്തിന് നൽകുന്നതെന്നാണ് മെഡിക്കൽ കോളേജ് തീരുമാനം അറിയിച്ചതെന്നും ആശ ലോറൻസ് പറയുന്നു.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച ഏഴ് ജില്ലകളിൽ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്

 

click me!