കോണ്‍ഗ്രസിൽ വിലക്കിനെതിരെ അസാധാരണ നീക്കവുമായി എംകെ രാജു; പരിപാടികളിൽ പങ്കെടുപ്പിക്കാൻ നേതാക്കൾക്ക് നോട്ടീസ്

By Web TeamFirst Published Sep 17, 2024, 8:36 AM IST
Highlights

ഗ്രൂപ്പ് പോരിന്റെയും വിഭാഗീയതയുടേയും പലവിധ ഭാവങ്ങൾ കോൺഗ്രസ് രാഷ്ട്രീയം കണ്ടിട്ടുണ്ടെങ്കിലും പാർട്ടി നേതൃത്വത്തിനെതിരെയുള്ള നിയമ പോരാട്ടം അസാധരണങ്ങളിൽ അസാധാരണമാണ്. കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി ചങ്ങനാശ്ശേരിയിലെ കോൺഗ്രസ് സംഘടന പ്രവർത്തനത്തിൽ സജീവമാണ് എംകെ രാജു. 

കോട്ടയം: പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാത്തതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിന് വക്കീൽ നോട്ടീസ് അയച്ച് കോട്ടയം ചങ്ങനാശ്ശേരിയിലെ കർഷക കോൺഗ്രസ് നേതാവ്. പാർട്ടി വേദികളിൽ നിന്ന് മാറ്റി നി‍ർത്തുന്നതിനെതിരെ കെപിസിസി പ്രസിഡന്റിനടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകത്തതിനെ തുടർന്നാണ് കർഷക കോൺഗ്രസ് സംസ്ഥാന നി‍ർവാഹക സമിതി അംഗം എം കെ രാജു നിയമപോരാട്ടത്തിനൊരുങ്ങുന്നത്. എന്നാൽ രാജു ഉയർത്തുന്ന ആരോപണങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

ഗ്രൂപ്പ് പോരിന്റെയും വിഭാഗീയതയുടേയും പലവിധ ഭാവങ്ങൾ കോൺഗ്രസ് രാഷ്ട്രീയം കണ്ടിട്ടുണ്ടെങ്കിലും പാർട്ടി നേതൃത്വത്തിനെതിരെയുള്ള നിയമ പോരാട്ടം അസാധരണങ്ങളിൽ അസാധാരണമാണ്. കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി ചങ്ങനാശ്ശേരിയിലെ കോൺഗ്രസ് സംഘടന പ്രവർത്തനത്തിൽ സജീവമാണ് എംകെ രാജു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും തൃക്കൊടിത്താനം പഞ്ചാത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ചങ്ങനാശ്ശേരിയിലെ പാ‍ർട്ടി പരിപാടികൾ ഒന്നും നേതൃത്വം അറിയിക്കുന്നില്ലെന്നാണ് എംകെ രാജുവിന്‍റെ പരാതി. യാതൊരു തരത്തിലുള്ള പാ‍ർട്ടി അച്ചടക്ക നടപടികൾ ഇല്ലാതിരുന്നിട്ടും സ്വന്തം ബൂത്ത് കമ്മിറ്റിക്ക് പോലും വിളിക്കാറില്ല. സംഘടന നേതൃത്വത്തിലേക്ക് പുതിയതായി എത്തിയ ചിലരാണ് അപ്രഖ്യാപിത വിലക്കിന് പിന്നിലെന്നാണ് രാജു പറയുന്നത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെഎ ജോസഫിനും തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് തോമസ് സേവ്യറിനുമാണ് വക്കീൽ നോട്ടീസ് അയച്ചത്.

Latest Videos

ജീവന് തുല്യം പാർട്ടിയെ സ്നേഹിക്കുന്നു. മരണംവരെ പാർട്ടിയിൽ പ്രവർത്തിക്കണമെന്നാണ് ആ​ഗ്രഹം. അതിനുള്ള സാഹചര്യമുണ്ടാവണമെന്നും രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഎം സുധീരൻ മുല്ലപ്പള്ളി രാമചന്ദ്രൻ കെ സുധാകരൻ തുടങ്ങിയ കെപിസിസി പ്രസിഡന്റ്മാർക്ക് രാജു പരാതി നൽകിയിരുന്നു. എല്ലാ പരാതികളിലും ജില്ലാ കോൺഗ്രസ് നേതൃത്വത്തോട് നടപടി എടുക്കാൻ കെപിസിസി നിർദേശിച്ചു. പക്ഷേ ചങ്ങനാശ്ശേരിയിലെത്തുമ്പോൾ ഒന്നും സംഭവിക്കില്ല. ചങ്ങനാശ്ശേരിയിൽ നിന്നുള്ള ചില മുതിർന്ന നേതാക്കളുടെ പിന്തുണയും രാജുവിനുണ്ട്.

നിപ ആവര്‍ത്തിക്കുമ്പോഴും അധികൃതരുടെ അനാസ്ഥ; ബയോ സേഫ്റ്റി ലെവല്‍ലാബ് കടലാസിലൊതുങ്ങി,6വർഷമായിട്ടും നടപ്പിലായില്ല

https://www.youtube.com/watch?v=Ko18SgceYX8

click me!