കേരളത്തിൽ ലീഗിന്റെ ശക്തിക്കനുസരിച്ച്, ജനപിന്തുണക്കനുസരിച്ച് ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണെന്ന് എംകെ രാഘവൻ എംപി
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒരു റിപ്പോർട്ടുമില്ലെന്ന് എം കെ രാഘവൻ എംപി. കോൺഗ്രസ് ചുമതലയുള്ള ആർക്കും അങ്ങനെയൊരു റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം സുനിൽ കനഗോലു റിപ്പോർട്ടു നൽകിയെന്നത് മാധ്യമസൃഷ്ടിയാണെന്നും വിമർശിച്ചു. യു ഡി എഫ് തോൽക്കണമെന്ന് ചില മാധ്യമങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് മൂന്നാം സീറ്റിന് നൂറ് ശതമാനവും അർഹതയുണ്ട്. സമസ്തയും മുസ്ലിം ലീഗുമായുള്ള തർക്കം പരിഹരിക്കപ്പെടുമെന്നും, പ്രശ്നം പരിഹരിക്കാൻ കെൽപ്പുള്ളവർ ഇരു ഭാഗത്തുമുണ്ടെന്നും എംപി പറഞ്ഞു. അങ്ങനെയാരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ആഗ്രഹമായി തന്നെ നിൽക്കുകയേ ഉള്ളൂ. കേരളത്തിൽ മുസ്ലിം ലീഗ് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള പ്രസ്ഥാനമാണ്. കേരളത്തിൽ ലീഗിന്റെ ശക്തിക്കനുസരിച്ച്, ജനപിന്തുണക്കനുസരിച്ച് ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഒരു തെറ്റും അക്കാര്യത്തിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.