യു പിയിലെ കുട്ടിക്ക് വേണ്ടി കേരളത്തിന്റെ പ്രഖ്യാപനം, വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് ശിവൻകുട്ടി

By Web Team  |  First Published Aug 28, 2023, 12:13 PM IST

കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി അറിയിച്ചു


ദില്ലി : ഉത്തർപ്രദേശിലെ മുസഫർ നഗറിലെ സ്കൂളിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം  മന്ത്രി വി.ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു.

മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ  ചേർത്ത് കേരളം പഠിപ്പിക്കുകയാണ്. എൻസിഇആർടി  വെട്ടിമാറ്റിയ  പാഠഭാഗങ്ങൾ ഉൾചേർത്ത് സംസ്ഥാനം കഴിഞ്ഞദിവസം  അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി. 

Latest Videos

undefined

ഒരു മണിക്കൂർ നേരം മർദ്ദിച്ചു, താൻ അവശനായി; അധ്യാപികയുടെ നിർദ്ദേശ പ്രകാരം സഹപാഠികൾ മർദ്ദിച്ച കുട്ടിയുടെ മൊഴി

ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിലാണ്  സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവമുണ്ടായത്. കുറ്റക്കാർക്കെതിരെ അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിട്ടുണ്ട്.  അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് സ്കൂളിൽ സംഭവിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ല. കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു. 

 

 

click me!