26 വർഷത്തെ കാത്തിരിപ്പെന്ന് മന്ത്രി; സ്വർണക്കപ്പുമായെത്തിയ വിദ്യാർത്ഥികൾക്ക് തൃശൂരിൽ ഗംഭീര സ്വീകരണം

By Web Desk  |  First Published Jan 9, 2025, 8:04 PM IST

ജില്ലാ അതിർത്തിയായ കൊരട്ടിയിൽ തുടങ്ങി സ്വീകരണ സമ്മേളനത്തിനായി സ്വർണ്ണക്കപ്പ് തൃശൂർ ടൗൺഹാളിൽ എത്തിച്ചത് ഘോഷയാത്രയായിട്ടാണ്


തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് നേട്ടത്തിൽ തൃശൂരിലെ വിദ്യാർത്ഥികൾക്ക് ജില്ലയിൽ ഒരുക്കിയത് ഉജ്ജ്വല സ്വീകരണം. ജില്ലാ അതിർത്തിയായ കൊരട്ടിയിൽ തുടങ്ങി സ്വീകരണ സമ്മേളനത്തിനായി സ്വർണ്ണക്കപ്പ് തൃശൂർ ടൗൺഹാളിൽ എത്തിച്ചത് ഘോഷയാത്രയായിട്ടാണ്. റവന്യൂ മന്ത്രി കെ രാജൻ, ചേലക്കര എംഎൽഎ യു ആർ പ്രദീപ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു. 

കാൽനൂറ്റാണ്ടിന് ശേഷം കലാകിരീടം പൂരങ്ങളുടെ നാട്ടിലേക്ക് എത്തിയതിന്റെ ആവേശമാണ് തൃശൂരിൽ കണ്ടത്. തലസ്ഥാനത്ത് നിന്നും സ്‌കൂള്‍ കലോത്സവത്തിൽ വിജയിച്ച് സ്വർണക്കപ്പുമായി എത്തിയ തൃശൂർ ടീമിന് ജില്ലയിൽ ഒരുക്കിയത് ഗംഭീര സ്വീകരണം. ജില്ലാ അതിർത്തിയായ  കൊരട്ടിയിൽ റവന്യൂ മന്ത്രി കെ രാജൻ സ്വർണക്കപ്പ് കയ്യിലേന്തി തൃശൂരിന് സമർപ്പിച്ചു. ചാലക്കുടി, പുതുക്കാട്, ഒല്ലൂർ എന്നിവിടങ്ങളിലും സ്വർണ്ണക്കപ്പിനെ വരവേറ്റു. ആർപ്പു വിളിച്ച് ചുവടുവെച്ച് കുട്ടികളും അധ്യാപകരും ഒപ്പം കൂടി. 

Latest Videos

26 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ നേട്ടം ജില്ലയിലെ കുട്ടി കലാകാരന്മാർക്ക് അവകാശപ്പെട്ടതാണെന്നും കൊതിയോടെ നോക്കിയിരുന്ന സ്വർണ്ണക്കപ്പിൽ രണ്ടര പതിറ്റാണ്ടു കാലത്തിന് ശേഷം മുത്തമിടാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂർ മോഡൽ ഗേൾസ് സ്‌കൂൾ അങ്കണത്തിൽ എത്തിയ ടീമിനെ സ്വീകരണ സമ്മേളനത്തിനായി ടൗൺഹാളിൽ എത്തിച്ചത് ഘോഷയാത്രയായിട്ടാണ്. 

മന്ത്രി കെ രാജന് പുറമെ ചേലക്കര എംഎൽഎ യു ആർ പ്രദീപ്, വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി, തൃശ്ശൂർ ഡിഡിഇ അജിത കുമാരി എന്നിവർക്കൊപ്പം സമ്മേളനത്തിൽ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും വിദ്യാർഥികളും രക്ഷാകർത്താക്കളും അധ്യാപകരും പങ്കെടുത്തു. അവസാന ഇനം വരെ സസ്പെന്‍സ് നിലനിര്‍ത്തി ഫോട്ടോഫിനിഷിലൂടെ, ഒരു പോയിന്റ് വ്യത്യാസത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂരിന്റെ കിരീട നേട്ടം. 

അണിഞ്ഞൊരുങ്ങിയ ഒപ്പനക്കാരികളെ കാണാൻ യൂണിഫോമിൽ 'ബീഗ'മെത്തി; മിടുക്കികൾക്കൊപ്പം പാട്ട്, കൂടെ സെൽഫിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!