വാർഡ് വിഭജനം നിയമാനുസൃതവും സുതാര്യവുമെന്ന് മന്ത്രി എംബി രാജേഷ്; 'രമേശ് ചെന്നിത്തല കോടതി ഉത്തരവ് വായിക്കണം'

By Web Team  |  First Published Dec 18, 2024, 7:19 PM IST

വാർഡ് വിഭജന വിവാദത്തിൽ രമേശ് ചെന്നിത്തല ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി എംബി രാജേഷ്


തിരുവനന്തപുരം: വാർഡ് വിഭജനം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും നടപടികൾ നിയമാനുസൃതവും സുതാര്യവുമെന്നും മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരല്ല നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്. എല്ലാ കാലത്തും സ്വീകരിക്കുന്ന നടപടിക്രമമാണ് ഇപ്പോഴും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികൾ എല്ലാ കാലത്തും വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഇപ്പോഴേ പരാതി ഉന്നയിച്ചാൽ എങ്ങനെയാണ്? ഹൈക്കോടതി വേറൊരു കാരണം കൊണ്ടാണ് ഡീലിമിറ്റേഷൻ വേണ്ടെന്ന് പറഞ്ഞത്. 2011ലെ സെൻസസ് അടിസ്ഥാനത്തിൽ 2015 വാർഡ് വിഭജനം നടന്നിരുന്നു. അടുത്ത സെൻസസ് വരാത്തതുകൊണ്ട് വാർഡ് വിഭജിക്കണ്ട എന്നതാണ് കോടതിയുടെ നിലപാട്. 2011ലെ സെൻസസ് ആധാരമാക്കി നടന്നിടത്ത് മാത്രമേ കോടതി വാർഡ് വിഭജനം വേണ്ടെന്ന് പറഞ്ഞിട്ടുള്ളൂ. പഞ്ചായത്ത് ആക്ട് സെക്ഷൻ ആറ് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിച്ചത്. രമേശ് ചെന്നിത്തല കോടതി ഉത്തരവ് വായിച്ചിട്ടില്ലെന്നും ടെലിവിഷൻ ചാനൽ മാത്രം കണ്ടാൽ അഭിപ്രായം പറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല കോടതി ഉത്തരവ് മുഴുവനായും ബാധിക്കണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest Videos

click me!