പഞ്ചായത്ത് പ്രസിഡന്‍റും മന്ത്രിയും ആശംസയ്ക്കൊപ്പം സർട്ടിഫിക്കറ്റിന്‍റെ ഫിസിക്കൽ കോപ്പിയും വധൂവരന്മാർക്ക് കൈമാറി.
തിരുവനന്തപുരം: പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്താതെ വീഡിയോ കെ വൈ സി ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് പരിധിയിലെ വിവാഹം രജിസ്റ്റർ ചെയ്ത് അഖിലും കൃഷ്ണപ്രിയയും. മണ്ഡപത്തിൽ തന്നെ അപേക്ഷ നൽകുകയും ഉടൻ തന്നെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാട്സ് ആപ്പിൽ ലഭിക്കുകയും ചെയ്തു. പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റും മന്ത്രിയും ആശംസയ്ക്കൊപ്പം സർട്ടിഫിക്കറ്റിന്‍റെ ഫിസിക്കൽ കോപ്പിയും വധൂവരന്മാർക്ക് കൈമാറി.
കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ സി പി ഓഡിറ്റോറിയമാണ് അപൂർവ്വ നിമിഷത്തിന് വേദിയായത്. കരകുളം ഗ്രാമപഞ്ചായത്തിലെ ശ്രീലകത്ത് മുരളീധരൻനായർ, ശ്രീകല ദമ്പതികളുടെ മകനായ അഖിലും ചിറയിൽ വീട്ടിലെ രാധാകൃഷ്ണൻ നായർ, ഉഷാകുമാരി ദമ്പതികളുടെ മകളായ കൃഷ്ണപ്രീയയുമാണ് ഇന്ന് വട്ടപ്പാറ സിപി ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞയുടൻ തന്നെ ദമ്പതികൾ ഓഡിറ്റോറിയത്തിൽ വെച്ച് വീഡിയോ കെ സ്മാർട്ടിലെ വീഡിയോ കെവൈസി സംവിധാനം ഉപയോഗിച്ച് രജിസ്ട്രേഷന് അപേക്ഷ സമർപ്പിച്ചു.
അപേക്ഷ കരകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓൺലൈനായി അപ്രൂവ് ചെയ്തതോടെ വിവാഹ സർട്ടിഫിക്കറ്റ് വാട്ട്സാപ്പിൽ ലഭിക്കുകയായിരുന്നു. മൂന്ന് മിനിട്ടിലാണ് ഔദ്യോഗിക നടപടികൾ പൂർത്തീകരിച്ചത്. ദമ്പതികളെ ആശംസകളറിയിക്കാനെത്തിയ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് നേരിട്ട് കൈമാറുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ റാണിയുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. ഗ്രാമപഞ്ചായത്തുകളിൽ കെ സ്മാർട്ടിലൂടെയുള്ള ആദ്യത്തെ വിവാഹ രജിസ്ട്രേഷനാണ് അഖിലിന്റേയും കൃഷ്ണപ്രിയയുടെയും. പഞ്ചായത്ത് ഓഫീസുകളിൽ പോകാതെ വീഡിയോ കെ വൈ സി വഴി എഐ സഹായത്തോടെ വിവാഹ രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാനാവുന്നുവെന്നതാണ് കെ സ്മാർട്ടിന്റെ പ്രത്യേകത.
2024 ജനുവരി ഒന്നുമുതൽ നഗരസഭകളിൽ വിജയകരമായി നടപ്പിലാക്കുന്ന കെ സ്മാർട്ട് ഈ ഏപ്രിൽ മുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇതിന് മുന്നോടിയായി കെ സ്മാർട്ടിന്റെ പൈലറ്റ് ലോഞ്ച് ജനുവരി ഒന്നുമുതൽ തിരുവനന്തപുരത്തെ കരകുളം ഗ്രാമപഞ്ചായത്തിൽ നടക്കുകയാണ്. കെ സ്മാർട്ട് നടപ്പിലാക്കി ആദ്യ നാല് ദിവസം കൊണ്ടുതന്നെ ഏതാണ്ട് എല്ലാ സേവനങ്ങളും കരകുളത്ത് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക് കെട്ടിടങ്ങൾക്ക് അപേക്ഷിച്ചാലുടൻ പെർമ്മിറ്റ് ലഭ്യമാകുന്ന സംവിധാനം വെള്ളിയാഴ്ച മുതൽ തന്നെ കരകുളത്ത് ലഭ്യമായിത്തുടങ്ങിയിരുന്നു. അപേക്ഷിച്ച് 20 സെക്കന്റിനുള്ളിലാണ് സെൽഫ് സർട്ടിഫൈഡ് പെർമ്മിറ്റ് ലഭിക്കുക.
കരകുളംഗ്രാമപഞ്ചായത്തിലെ ജി സജികുമാറിന്റെ 111.18 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിനാണ് ഗ്രാമീണ മേഖലയിൽ കേരളത്തിൽ ആദ്യമായി ഇത്തരം പെർമ്മിറ്റ് ലഭിച്ചത്. ഇതുവരെ 5 സെൽഫ് സർട്ടിഫൈഡ് പെർമ്മിറ്റുകളാണ് കരകുളത്ത് കെ സ്മാർട്ട് വഴി അനുവദിച്ചത്. കെ സ്മാർട്ട് വഴി ഓൺലൈനായി ഇന്നുമാത്രം (രാവിലെ മുതൽ വൈകിട്ട് 5 മണി വരെ) കരകുളത്ത് 47,480 രൂപ വരുമാനം ലഭിച്ചു. വിവിധ ഫീസുകളിൽ നിന്നും നികുതിയിനത്തിലുമാണ് ഈ തുക ലഭിച്ചത്. ഇന്ന് പഞ്ചായത്തിൽ ലഭിച്ച 38 അപേക്ഷകളിൽ 16ലും ഇന്ന് തന്നെ സേവനം നൽകിയിട്ടുണ്ട്. സമയബന്ധിതമായി ഓൺലൈനിൽ സേവനം ഉറപ്പാക്കാനുള്ള പുത്തൻ മാതൃകയാണ് കെ സ്മാർട്ട് ഒരുക്കിനൽകുന്നത്.
പൈലറ്റ് ലോഞ്ചിലെ ആദ്യ നാല് പ്രവർത്തിദിനം കൊണ്ടു തന്നെ കെ സ്മാർട്ട് സേവനങ്ങൾ പൂർണതോതിൽ കരകുളത്ത് ലഭ്യമാക്കാൻ പരിശ്രമിച്ച ഐകെഎം ജീവനക്കാരെയും കരകുളം ഗ്രാമപഞ്ചായത്ത് ജീവനക്കാരെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. കെ സ്മാർട്ട് നടപ്പിലാക്കാൻ പരിപൂർണ പിന്തുണയാണ് ലേഖാ റാണിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നൽകിയത്. കെ സ്മാർട്ടിലൂടെ പഞ്ചായത്തുകൾ കൂടുതൽ സ്മാർട്ടായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.
നഗരസഭകളിൽ ഒരു വർഷം കൊണ്ട് 48,865 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തത്, ഇതിൽ 15,487 വിവാഹങ്ങളും രജിസ്റ്റർ ചെയ്തത് നഗരസഭാ ഓഫീസിൽ വധൂവരന്മരെത്താതെ വീഡിയോ കെ വൈ സി വഴിയാണ്. രാജ്യത്ത് ഇത്തരമൊരു സംവിധാനം ആദ്യമായി നടപ്പിലാക്കി കെ സ്മാർട്ട് ചരിത്രം സൃഷ്ടിച്ചു. ഇതുൾപ്പെടെയുള്ള അത്യാധുനിക സൌകര്യങ്ങളാണ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കരകുളത്തിന് പുറമേ നെടുമങ്ങാട് ബ്ലോക്ക്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവടങ്ങളിലും പൈലറ്റ് ലോഞ്ചിന്റെ ഭാഗമായി കെ സ്മാർട്ട് വിന്യസിച്ചിട്ടുണ്ട്.