കിഴക്കമ്പലം കിറ്റക്സിലെ ജീവനക്കാരായ അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ താമസസ്ഥലത്ത് നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് നടക്കുന്നത്
കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കഠിനാധ്വാനം ചെയ്യുന്ന പൊലീസിന് തലവേദനയായി വീണ്ടും അതിഥി തൊഴിലാളികളുടെ നടത്തം. എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് നിന്നാണ് നാന്നൂറോളം അതിഥി തൊഴിലാളികൾ നടത്തം ആരംഭിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ട്രെയിൻ പിടിക്കാൻ എറണാകുളം റെയിൽവെ സ്റ്റേഷനിലേക്കാണ് ഇവർ നടക്കുന്നത്.
കിഴക്കമ്പലത്ത് കിറ്റക്സിന്റെ പ്ലാന്റിൽ ജോലി ചെയ്യുന്നവരാണ് ഇതിൽ അധികവും. ഇവരെ അനുനയിപ്പിച്ച് തിരിച്ചയക്കാനായി പൊലീസ് ശ്രമിക്കുന്നുണ്ട്. കൊവിഡ് നാലാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ചതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇളവുകളെ തുടർന്നാണ് നടത്തം. ജൂൺ ഒന്ന് മുതൽ ട്രെയിൻ ഗതാഗതം ആരംഭിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എറണാകുളത്ത് നിന്ന് നാട്ടിലേക്ക് ട്രെയിൻ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ യാത്ര പുറപ്പെട്ടത്.