മെസി, നെയ്മർ കട്ടൗട്ട് വിവാദം: മലക്കംമറിഞ്ഞ് ചാത്തമംഗലം പഞ്ചായത്ത്, കട്ടൗട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല

By Web Team  |  First Published Nov 6, 2022, 10:47 AM IST

ചാത്തമംഗലം പഞ്ചായത്തിന്റെ നിർദേശം വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ആരാധാകർ ഏറ്റെടുക്കുകയും ചെയ്തതോടെ, പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വ്യക്തമാക്കി കൊടുവള്ളി നഗരസഭ ചെയർമാൻ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാത്തമംഗലം പഞ്ചായത്തിന്റെ മലക്കം മറിച്ചിൽ


കോഴിക്കോട്: കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തിൽ മലക്കം മറിഞ്ഞ് ചാത്തമംഗലം പഞ്ചായത്ത്. കട്ടൗട്ടുകൾ എടുത്ത് മാറ്റാൻ നിർദ്ദേശം നൽകിയെന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ വ്യക്തമാക്കി. പഞ്ചായത്തിന് ജനങ്ങളുടെ വികാരത്തിനൊപ്പമേ നിൽക്കാനാകൂ. പഞ്ചായത്തിന് പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും ശരിയാണ്. എന്നാൽ കട്ടൗട്ട് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ലോകകപ്പിന് മുന്നോടിയായി അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കൂറ്റൻ കട്ടൗട്ടുകൾ ഫാൻസ് സ്ഥാപിച്ചത് രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. ഈ ഘട്ടത്തിലാണ് കട്ടൗട്ടുകൾ എടുത്തുമാറ്റാൻ പഞ്ചായത്ത് നിർദേശിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലായിരുന്നു നിർദേശം. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്നായിരുന്നു അഭിഭാഷകന്റെ പരാതി. 

ചാത്തമംഗലം പഞ്ചായത്തിന്റെ നിർദേശം വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ആരാധാകർ ഏറ്റെടുക്കുകയും ചെയ്തതോടെ,
പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വ്യക്തമാക്കി കൊടുവള്ളി നഗരസഭ ചെയർമാൻ രംഗത്തെത്തിയിരുന്നു. കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അങ്ങിനെ പരാതി ലഭിച്ചാലും ഫുട്ബോൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ. കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും കൊടുവള്ളി നഗരസഭാ ചെയർമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Latest Videos

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകളാണ് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ചത്. അര്‍ജന്‍റീനയുടെ ആരാധകർ തങ്ങളുടെ പ്രിയ താരം ലയണൽ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചത്. പിന്നാലെ ബ്രസീൽ ആരാധകർ നെയ്മറുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു. രാത്രിയിലും കാണാൻ സാധിക്കുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളും കട്ടൗട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. പിന്നാലെ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. താമരശ്ശേരി പരപ്പൻപൊയിലിലാണ് 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.
 

click me!