ഇടക്കാല ജാമ്യത്തിനുളള ഹർജിയുടെ പകർപ്പ് പ്രതിഭാഗം സംസ്ഥാനത്തിന് കൈമാറുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി
ദില്ലി : ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം. സുപ്രീംകോടതി നിർദ്ദേശപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ പിവി സുരേന്ദ്രനാഥ്, ഹർഷദ് വി ഹമീദ് എന്നിവർ കോടതിയെ അറിയിച്ചു. എന്നാൽ മാനസികനില സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
ഹർജിയിൽ തീർപ്പാക്കുന്നത് വരെ തൽകാലം കേസിലെ വിചാരണനടപടികൾ നിർത്തിവെച്ചിരിക്കുകയാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സന്ദീപ് സമർപ്പിച്ച ഹർജിയുടെ പകർപ്പ് സംസ്ഥാനത്തിന് കൈമാറുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പകർപ്പ് എത്രയും വേഗം കൈമാറാൻ കോടതി നിർദ്ദേശം നൽകി. കേസ് ഡിസംബർ 13ന് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിൻ പൊഹ്വാ, ആർ പി ഗോയൽ, ആർ. വി. ഗ്രാലൻ എന്നിവർ ഹാജരായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ ആശുപത്രിയിൽവെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.