1306 ലിറ്റര്‍ സ്പിരിറ്റ് ചിറ്റൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട്ടിൽ നിന്ന് പിടികൂടിയെന്ന് എംബി രാജേഷ്. സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ വിഡി സതീശന് ഒന്നും പറയാനില്ലെന്നും എംബി രാജേഷ്.
പാലക്കാട്:പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോണ്‍ഗ്രസ് കള്ളപ്പണത്തിന് പുറമെ മദ്യവും ഒഴുക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണവും മദ്യവും ഒഴുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 1306 ലിറ്റര്‍ സ്പിരറ്റാണ് ഇന്ന് ചിറ്റൂരിൽ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഇത്രയധികം സ്പിരിറ്റ് വീട്ടിൽ സൂക്ഷിച്ചത് എന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്. ദിവസവും മൂന്നുനേരം വാര്‍ത്താസമ്മേളനം നടത്തുന്ന വിഡി സതീശന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല.
നാവിറങ്ങിപ്പോയോ?. കഴിഞ്ഞ ദിവസം ഹോട്ടലിൽ കണ്ട ഷോ ചിറ്റൂരിൽ കണ്ടില്ല. ഹോട്ടലിൽ തൊണ്ടിമുതൽ പിടികൂടാനായില്ല. എന്നാൽ, ചിറ്റൂരിൽ തൊണ്ടിമുതൽ കയ്യോടെ പിടികൂടി. ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നേരായരീതിയിൽ തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് മനസിലായപ്പോള്‍ എല്ലാ അധാര്‍മിക വഴികളും നോക്കുകയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിരിക്കുകയാണ്.
ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അനുവദിക്കില്ല. കള്ളപ്പണവും കള്ള മദ്യത്തിനും പുറമെ കള്ള തിരിച്ചറിയിൽ കാര്‍ഡും ഇറക്കാൻ സാധ്യതയുണ്ട്. അതിനായി ആളുകള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ടെന്നും എംബി രാജേഷ് ആരോപിച്ചു.മുനമ്പം പ്രശ്നം ബി ജെ പി ഉയർത്തുന്നത് അവസാന വൈക്കോൽ തുരുമ്പെന്ന മട്ടിലാണ്. പരാജയം മുന്നിൽ കണ്ടാണ് മുനമ്പം ഉയര്‍ത്തുന്നത്. ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.