കേരളം എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നുവെന്നും മികച്ചുനിൽക്കുന്നുവെന്നും മലയാളികളെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ പരസ്യത്തിന് പണം മുടക്കിയ രാജസ്ഥാൻ സർക്കാരിന് നന്ദിയെന്നും എം ബി രാജേഷ് കുറിച്ചു
തിരുവനന്തപുരം: രാജസ്ഥാൻ സർക്കാർ മലയാള പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് രംഗത്ത്. രാജസ്ഥാൻ സർക്കാരിന്‍റെ പരസ്യം കേരള സർക്കാരിന് വലിയ ഉപകാരമായെന്നാണ് എം ബി രാജേഷ് പറഞ്ഞുവയ്ക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലടക്കമുള്ള താരതമ്യവും നടത്തിയാണ് എം ബി രാജേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കേരളം എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നുവെന്നും മികച്ചുനിൽക്കുന്നുവെന്നും മലയാളികളെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ പരസ്യത്തിന് പണം മുടക്കിയ രാജസ്ഥാൻ സർക്കാരിന് നന്ദിയെന്നും പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
എം ബി രാജേഷിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
രാജസ്ഥാൻ സർക്കാരിന് നന്ദി. മലയാള പത്രങ്ങളിൽ എന്തിനാണ് രാജസ്ഥാൻ സർക്കാരിന്റെ പരസ്യമെന്ന് ആദ്യം തോന്നിയെങ്കിലും, പിന്നീടാണ് കേരള സർക്കാരിന് ഇത് എത്ര ഉപകാരമായി എന്ന് മനസിലായത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടെ രാജസ്ഥാനും കേരളവും തമ്മിലുള്ള താരതമ്യത്തിന് ഇത് അവസരമായി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പുനൽകുന്ന നൂറ് തൊഴിൽ ദിനം പൂർത്തിയാക്കാൻ കഴിഞ്ഞ കുടുംബങ്ങൾ രാജസ്ഥാനിൽ 7.15% മാത്രമാണ്. 100 തൊഴിൽ ദിനങ്ങൾ തന്നെ നൽകാൻ കഴിയാത്ത സർക്കാരാണ് 125 തൊഴിൽ ദിനങ്ങളെന്ന പ്രഖ്യാപനം നടത്തി പരസ്യം നൽകിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങൾ 28.98%മാണ്. രാജസ്ഥാന്റെ നാലിരട്ടിയിലധികം. ശരാശരി തൊഴിൽ ദിനങ്ങൾ ഇവിടെ 62.26 ആണ്. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളി 333 രൂപ കൂലി വാങ്ങുമ്പോൾ, രാജസ്ഥാനിലിത് 198 രൂപ മാത്രമാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികവ് നിർണ്ണയിക്കുന്ന ഒൻപത് പ്രധാന സൂചികകളിൽ നാലിലും കേരളം ദേശീയ തലത്തിൽ ഒന്നാമതാണ്, ബാക്കി അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനത്തും. ഒരു സൂചികയിലും കേരളത്തിന്റെ നാലയലത്ത് എത്താൻ കഴിയാത്ത സംസ്ഥാനമാണ്, ഇവിടെ തൊഴിലുറപ്പിന്റെ പേരിലുൾപ്പെടെ പരസ്യം നൽകുന്നത്.
125 തൊഴിൽ ദിനങ്ങളെന്ന് രാജസ്ഥാൻ പറയുമ്പോൾ, കേരളം വർഷങ്ങളായി പട്ടികവർഗ കുടുംബങ്ങൾക്ക് നൽകുന്നത് 200 തൊഴിൽ ദിനങ്ങളാണ്. 100 തൊഴിൽ ദിനം പൂർത്തിയായ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും 100 തൊഴിൽ ദിനങ്ങൾ കൂടി അധികമായി സംസ്ഥാന സർക്കാർ ഇവിടെ ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ 29083 കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായത്, 12.32 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. 3312 കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങളും 10070 കുടുംബങ്ങൾക്ക് 150 ലധികം തൊഴിൽ ദിനങ്ങളും നൽകാൻ നമുക്ക് സാധിച്ചു. 2010ൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രാജ്യത്ത് ആദ്യമായി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. രാജസ്ഥാന് അത്തരമൊരു ആലോചന തന്നെ തുടങ്ങാൽ ഒരു വ്യാഴവട്ടം പിന്നിട്ട് 2022 ആകേണ്ടിവന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 41.11 ലക്ഷം തൊഴിൽ ദിനങ്ങളാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സൃഷ്ടിച്ചത്. 1600 രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന മലയാളികളുടെ മുന്നിലാണ്, പെൻഷൻ ആയിരമാക്കി എന്ന രാജസ്ഥാൻ സർക്കാരിന്റെ പരസ്യമെത്തുന്നത്.
കേരളം എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നുവെന്നും മികച്ചുനിൽക്കുന്നുവെന്നും മലയാളികളെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ പരസ്യത്തിന് പണം മുടക്കിയ രാജസ്ഥാൻ സർക്കാരിന് നന്ദി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം