മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; യദുവിനെതിരെ പ്രോസിക്യൂഷൻ, ഹർജി മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയെന്ന് വാദം

By Web Team  |  First Published Oct 22, 2024, 3:22 PM IST

കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയർക്കെതിരെ നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്‍റെ വാദം.


തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മേയർക്കെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഈ മാസം 30ന് വിധി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പറയും. അന്വേഷണ പുരോഗതിയിൽ കോടതി തൃപ്തി രേഖപ്പെടുത്തി. അന്വേഷണ പുരോഗതിയില്‍ വിശ്വാസം ഉണ്ടെന്ന് യദുവിന്‍റെ അഭിഭാഷകനും കോടതിയില്‍ പറഞ്ഞു. അതേസമയം, യദുവിന്‍റെ ഹര്‍ജികള്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയെന്ന് പ്രോസിക്യൂഷൻ വിമര്‍ശിച്ചു.

മേയർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്‍റെ വാദം. എന്നാൽ തനിക്കെതിരെ മേയർ കൊടുത്ത പരാതിയിൽ പൊലീസ് അതിവേഗം നടപടികൾ സ്വീകരിക്കുന്നുവെന്നും യദു പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് യദു തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, യദുവിൻ്റെ ഹർജികൾ മാധ്യമ ശ്രദ്ധക്കുവേണ്ടിയാണെന്നും യദുവിനെതിരെ നേരത്തെ ലൈഗിംക അതിക്രമ കേസുൾപ്പെടെയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം പൂർത്തിയായി ഈ മാസം 30 ന് വിധി പറയും.

Latest Videos

Also Read: കുടിവെള്ള വിതരണം:' കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ', കുറിപ്പുമായി മേയര്‍ ആര്യ

കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്.  

click me!