4 ദിവസത്തെ നെട്ടോട്ടത്തിന് ആശ്വാസം; തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം പരിഹരിച്ചതായി മേയർ, ജലഅതോറിറ്റിക്ക് നോട്ടീസ്

By Web Team  |  First Published Sep 8, 2024, 10:05 PM IST

പമ്പിങ് തുടങ്ങിയതോടെ നഗരത്തിൽ ഉടൻ കുടിവെള്ളമെത്തും. ഒന്നര മണിക്കൂർ കൊണ്ട് താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം എത്തുമെന്നും മൂന്ന് മണിക്കൂർ കൊണ്ട് എല്ലായിടങ്ങളിലും കുടിവെള്ളം എത്തുമെന്നും മേയർ അറിയിച്ചു. 
 


തിരുവനന്തപുരം: നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി തിരുവനന്തപുരത്ത് പമ്പിങ് ആരംഭിച്ചു. കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. പമ്പിങ് തുടങ്ങിയതോടെ നഗരത്തിൽ ഉടൻ കുടിവെള്ളമെത്തും. ഒന്നര മണിക്കൂർ കൊണ്ട് താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം എത്തുമെന്നും മൂന്ന് മണിക്കൂർ കൊണ്ട് എല്ലായിടങ്ങളിലും കുടിവെള്ളം എത്തുമെന്നും മേയർ അറിയിച്ചു. ഇത്തരം വലിയ പ്രവർത്തികൾ നടത്തുമ്പോൾ നഗരസഭയെ അറിയിക്കണമെന്ന് ജല അതോറിറ്റിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണോ എന്നത് സർക്കാർ തീരുമാനിക്കണമെന്നും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

നേരത്തെ, വെള്ള പ്രശ്നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും ഒന്നര മണിക്കൂർ വേണമെന്നാണ് വി ശിവൻകുട്ടി പറഞ്ഞത്. തിരുവനന്തപുരം- കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാര്‍ഡുകളിൽ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിരുന്നില്ല. കനത്ത പ്രതിഷേധങ്ങൾക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനക്കുകയായിരുന്നു.

Latest Videos

ടാങ്കറിൽ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും വെറുംവാക്കായി. വെള്ളമില്ലാതെ വീടുപേക്ഷിച്ച് പോകേണ്ട ഗതികേടിലേക്ക് വരെ നാട്ടുകാരെത്തി. ജനപ്രതിനിധികളടക്കം പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകളെടുത്താണ് ചോര്‍ച്ചയുള്ള വാൽവിൽ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കിയായിരുന്നു പമ്പിംഗ് തുടങ്ങിയത്. പൈപ്പ് ലൈൻ വൃത്തിയാക്കിയാണ് കുടിവെള്ളം എത്തിക്കുന്നത്. 

അതേസമയം, തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും കളക്ട‍‍ർ അറിയിച്ചു. നാളത്തെ ഓണപരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. 

കേരള യൂണിവേഴ്സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു; ന​ഗരസഭാ പരിധിയിലെ സ്കൂളിലെ ഓണപ്പരീക്ഷകളും മാറ്റി

https://www.youtube.com/watch?v=Ko18SgceYX8

click me!