ഇവി ചാർജിംഗ് സ്റ്റേഷനുകൾ അതീവ സുരക്ഷിതമാണ്. ആദ്യത്തെയും ഒറ്റപ്പെട്ടതുമായ സംഭവമാണ് പറവൂരിലേത്. ഫീഡറിൽ ഉണ്ടായ തകരാറാണോ പ്രശ്നമായത് എന്ന് സംശയമുണ്ടെന്ന് കെഎസ്ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ്
കൊച്ചി: സംസ്ഥാനത്ത് ഇലക്ട്രിക് വാഹന ഉപഭോക്താക്കളെയാകെ ഭയപ്പെടുത്തുന്നൊരു സംഭവമാണ് ഇന്നലെ എറണാകുളം പറവൂരില്‍ ഉണ്ടായത്. ചാര്‍ജിംഗ് സ്റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വീട്ടമ്മ, കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ഇബി. പറവൂരിലുണ്ടായ സംഭവം ഒറ്റപ്പെട്ടതാണെന്ന് കെഎസ്ഇബി പറയുന്നു. ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് അപകടമുണ്ടായ ചാര്‍ജിംഗ് സ്റ്റേഷന്‍റെ ചുമതലയുളള കെഎസ്ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചാർജ് ചെയ്യുന്നതിനിടെ സപ്ലൈ പോയതോടെ വാഹനത്തിൽ നിന്നിറങ്ങി പോർട്ട് തിരികെ വെയ്ക്കുന്നതിനിടയിലാണ് സംഭവമെന്ന് മനസ്സിലാക്കുന്നതെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഇവി ചാർജിംഗ് സ്റ്റേഷനുകൾ അതീവ സുരക്ഷിതമാണ്. ആദ്യത്തെയും ഒറ്റപ്പെട്ടതുമായ സംഭവമാണ് പറവൂരിലേത്. ഫീഡറിൽ ഉണ്ടായ തകരാറാണോ പ്രശ്നമായത് എന്ന് സംശയമുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകും എന്നും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.
എറണാകുളം പറവൂരിനടുത്ത് മന്നത്താണ് ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റത്. സംഭവത്തിൽ മുൻ കൗണ്‍സിലര്‍ കൂടിയായ സ്വപ്നയ്ക്കാണ് പരിക്കേറ്റത്. ഇലക്ട്രിക് കാർ ചാർജ് ചെയ്തതിനുശേഷം ചാർജിങ് ഗൺ തിരികെ വയ്ക്കുമ്പോഴായിരുന്നു സംഭവം. വലിയ പൊട്ടിത്തെറിയും ശബ്ദവും വെളിച്ചവുമുണ്ടായെന്നും ഷോക്കേറ്റ് താൻ തെറിച്ചു വീഴുകയായിരുന്നെന്നും സ്വപ്ന പറഞ്ഞു. കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനിൽ ആയിരുന്നു സംഭവമെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് ജീവഹാനി സംഭവിക്കാതിരുന്നതെന്നും സ്വപ്ന പറഞ്ഞു.
ചാര്‍ജിലിട്ട് വാഹനം ഓഫ് ചെയ്ത് ഉള്ളിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ 59 ശതമാനം ചാര്‍ജ് ആയപ്പോള്‍ ചാര്‍ജിങ് ഡിസ്കണക്ടഡ് എന്ന മേസേജ് വന്നു. ഇതോടെ കാറിൽ നിന്ന് ഗണ്‍ എടുത്തശേഷം തിരിച്ച് ചാര്‍ജിങ് സ്റ്റേഷനിലെ സോക്കറ്റിൽ വെക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗണ്‍ തിരിച്ചുവെക്കുന്നതിനിടെ വലിയ ശബ്ദവും പ്രകാശവും ഉണ്ടായി. ഉടനെ തന്നെ ഷോക്കേറ്റ് താൻ തെറിച്ച് വീഴുകയായിരുന്നു. ശ്വാസം പോലും കിട്ടാതെ ഞെട്ടിപ്പോയി. ഇടത് കാലിനും കൈവിരലിലുമാണ് ഷോക്കേറ്റതെന്ന് സ്വപ്ന പറഞ്ഞു.
undefined
കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോൾ പദവി ഉടനെന്ന് മുഖ്യമന്ത്രി; യോഗം പ്രഹസനമെന്ന് ഓഹരിയുടമകൾ