മൂവാറ്റുപുഴയാറിൽ ജലനിരപ്പുയരുന്നു; മൂലമറ്റത്തെ ഉത്പാദനം കുറയ്ക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

By Web Team  |  First Published Aug 4, 2022, 5:03 PM IST

മലങ്കര ഡാമിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിൻ്റെ അളവ് കുറയ്ക്കണമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. 


മൂവാറ്റുപുഴ: മൂലമറ്റം പവർ സ്റ്റേഷനിലെ (Moolamattom Power house) വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തിവെക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. മൂവാറ്റുപുഴയിൽ ജലനിരപ്പ് കൂടിക്കൊണ്ടിരിക്കുകയാണെന്നും വൈദ്യുതി ഉല്പാദനത്തിനുശേഷം തള്ളിവിടുന്ന ജലം വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. മലങ്കര ഡാമിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിൻ്റെ അളവ് കുറയ്ക്കണമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. 

അതേസമയം ഇടുക്കിയിൽ തൊടുപുഴ അടിമാലി മൂന്നാർ ഭാഗങ്ങളിൽ പുലർച്ചെ വരെ ശക്തമായ മഴയായിരുന്നു..ഇപ്പോൾ എല്ലായിടത്തും നേരിയ കുറവുണ്ട്.മൂലമറ്റം വലകെട്ടിയിൽ മലവെള്ളപാച്ചിലിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി..വനത്തിനുള്ളിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.. ജില്ലയിൽ അഞ്ചു താലൂക്കുകളിലും കളക്ടറേറ്റിലും കൺട്രോൾ റൂമുകൾ തുറന്നു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Latest Videos

ഇടുക്കി ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച  ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടര്‍ അറിയിപ്പിൽ വ്യക്തമാക്കി.

മഴ തുടരുന്ന സാഹചര്യത്തിലും പീച്ചി ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടതിനാല്‍ പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു തുടങ്ങി. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വെള്ളം കയറിയ പുഴബളളം ഭാഗത്തുള്ള വരെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണാറ ഭാഗത്ത് നിന്നുമാണ് ആളുകളോട് മാറാന്‍ പറഞ്ഞിരിക്കുന്നത്. അങ്കണവാടി, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലേക്കാണ് മാറിയിരിക്കുന്നത്. ആവശ്യഘട്ടത്തില്‍ ക്യാമ്പ് തുടങ്ങാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു.

 ചാലക്കുടി പുഴയിൽ ജലനിരപ്പുയരുന്നു: നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേര്‍ന്നു 

തൃശ്ശൂര്‍: ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നഗരസഭയിൽ  അടിയന്തര കൗൺസിൽ  യോഗം ചേർന്നു. ഡാമുകൾ തുറന്ന സാഹചര്യത്തിൽ ചാലക്കുടിപുഴയുടെ തീരത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റുന്നതിന് നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. വാഹനങ്ങളിൽ  മൈക്ക്  അനൗൺസ്മെൻ്റ്  വഴി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി തുടങ്ങി.  2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ  ഉള്ളവരെയും മാറ്റി പാർപ്പിക്കും. 

നഗരസഭയ്ക്ക് കീഴിൽ നിലവിൽ മൂന്ന്  ക്യാമ്പുകളാണ് ഉള്ളത്.  കൂടുതൽ ക്യാമ്പുകൾ തുറക്കാനും കൗൺസിൽ തീരുമാനിച്ചു. പോട്ട പനമ്പിള്ളി കോളജ്, വി ആർ പുരം കമ്മ്യൂണിറ്റി  ഹാൾ, വി  ആർ  പുരം സ്കൂൾ, കിഴക്കേ ചാലക്കുടി പള്ളിവക ഹാൾ എന്നിവിടങ്ങളിലും ക്യാമ്പുകൾ   തുറക്കുന്നതിനുളള  തയ്യാറെടുപ്പുകൾ  നഗരസഭ  നടത്തി.  

ക്യാമ്പുകളുടെ മേൽനോട്ടത്തിന്  കൗൺസിലർ, ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. അടിയന്തര ഘട്ടങ്ങളിൽ നഗരസഭയിൽ   24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം വഴിയും   ജനങ്ങൾക്ക് ബന്ധപ്പെടാം. എമർജൻസി  റെസ്പോൺസിബിൾ  ടീമും  നഗരസഭയിൽ സജ്ജമാണ്.  രക്ഷാ പ്രവർത്തനം ആവശ്യമായ  സ്ഥലങ്ങളിൽ ഇവരുടെ സേവനം ലഭ്യമാകുമെന്നും കൗൺസിൽ അറിയിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, കൗൺസിലർമാർ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

click me!