മാസപ്പടി വിവാദം നിസാരവത്ക്കരിച്ച് അവസാനിപ്പിക്കാൻ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ശ്രമിച്ചതെന്ന് കുഴൽനാടൻ അഭിപ്രായപ്പെട്ടു
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിക്ക് പിന്നാലെ പ്രതികരണവുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്ത്. മാസപ്പടി വിവാദം നിസാരവത്ക്കരിച്ച് അവസാനിപ്പിക്കാൻ പറ്റുമോ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ശ്രമിച്ചതെന്ന് കുഴൽനാടൻ അഭിപ്രായപ്പെട്ടു. പ്രശ്നം നിസാരവത്കരിച്ച് വിഷയത്തിൽ നിന്ന് ഒളിച്ചോടാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഏഴ് മാസത്തിന് ശേഷം മുഖ്യമന്ത്രി വാ തുറക്കാൻ നിർബന്ധിതനായതിൽ സന്തോഷമുണ്ടെന്നാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്. മാസപ്പടി വിവാദത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
മാസപ്പടി വിവാദത്തിൽ ഇന്ന് നിയമസഭയിലാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിച്ചത്. മകൾ വീണ വിജയൻ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപെടലുകൾ മാത്രമാണെന്നും നികുതി അടച്ച് നിയമപ്രകാരം കൈപ്പറ്റിയ പ്രതിഫലം മാസപ്പടിയായിചിത്രീകരിക്കുന്നത് പ്രത്യേക മാനോനിലയുടെ ഭാഗമാണെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. ആരോപണം ഉയര്‍ന്ന് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞത്. കരിമണൽ കമ്പനിയിൽ നിന്ന് വീണയുടെ കമ്പനി എക്സാലോജിക് കൈപ്പറ്റിയ തുക തീര്‍ത്തും നിയമവിധേയമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരാറിലേർപ്പെട്ട പല കമ്പനികളിൽ ഒന്നാണ് കരിമണൽ കമ്പനി. ആദായ നികുതിതര്‍ക്ക പരിഹാര ബോര്‍ഡ് വീണയുടെ ഭാഗം കേട്ടിട്ടില്ലെന്നും ജുഡീഷ്യൽ അധികാരം ഉണ്ടെങ്കിലും റിപ്പോര്ട്ട് തയ്യാറാക്കുന്നത് ഉദ്യോഗസ്ഥരല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി അടച്ച പണം എങ്ങനെ ബ്ലാക്ക് മണിയാകുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴൽനാടനാണ് രണ്ടാം തവണയും മാസപ്പടി വിവാദം നിയമസഭയിലെത്തിച്ചത്. ഭരണപക്ഷ നിരക്ക് മുഖ്യമന്ത്രിയെ ഭയമെങ്കിൽ പ്രതിപക്ഷത്തിന് അതില്ലെന്നാണ് വിഷയം സഭയിൽ ഉന്നയിച്ചുകൊണ്ട് മാത്യു പറഞ്ഞത്. ഒരു കുടുംബം നടത്തുന്ന കൊള്ളക്ക് പാർട്ടി കാവലാകുന്നുവെന്നും പിണറായിയോട് എന്തെങ്കിലും പറയാൻ പാർട്ടിക്ക് ഭയമാണെന്നും വിഷയം ഉന്നയിച്ചുകൊണ്ട് സംസാരിക്കവെ കുഴൽനാടൻ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം