വടക്കന്‍ കേരളത്തില്‍ വന്‍ ലഹരി വേട്ട: 3 കേസുകളില്‍ ലക്ഷങ്ങളുടെ ലഹരി പിടികൂടി, 7 പേര്‍ അറസ്റ്റില്‍

By Web Team  |  First Published Jul 21, 2022, 12:51 PM IST

കോഴിക്കോട് കുന്ദമംഗലം, മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നാണ് മാരക ലഹരി മരുന്ന് പിടികൂടിയത്. 
 


കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ വന്‍ ലഹരിവേട്ട. മൂന്നിടത്തായി ലക്ഷങ്ങളുടെ ലഹരിമരുന്ന് പിടികൂടി. ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഹാഷിഷ് ഓയില്‍, എംഡിഎംഎ എന്നീ മാരക ലഹരി മരുന്നാണ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലം, മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നാണ് മാരക ലഹരി മരുന്ന് പിടികൂടിയത്.  കുന്ദമംഗലത്ത് രണ്ട് യുവാക്കളില്‍ നിന്ന് എക്സൈസ് അരക്കിലോഗ്രാമോളം ഹാഷിഷ് ഓയില്‍ പിടികൂടി. പതിവ് വാഹന പരിശോധനക്കിടെയായിരുന്നു പിടികൂടിയത്. വിപണിയില്‍ പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. കോഴിക്കോട് മായനാട് സ്വദേശി വിനീത്, പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മേഖലയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് വിനീതെന്ന് എക്സൈസ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് മെഡിക്കല്‍ കോളേജിന് സമീപം വെച്ച് പതിനെട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്. വളാഞ്ചേരി സ്വദേശി മുഹമ്മദ് യാസറിനെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളില്‍ വിതരണത്തിന്
എത്തിച്ചതായിരുന്നു ലഹരി മരുന്ന്. കാസര്‍ഗോഡ് ലഹരി മരുന്നുമായി നാല് യുവാക്കളാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇവരെ പൊലീസ്  പിടികൂടിയത്. കീഴൂര്‍ സ്വദേശി മഹിന്‍ ഇജാസ്, ദേളിയിലെ അബ്ദുള്ള ഹനീന്‍, പാക്യാര സ്വദേശി ഷംസീര്‍ അഹമ്മദ്, കളനാടിലെ മുസമ്മില്‍ എന്നിവരെ അറസ്റ്റ് ചെയ്തു. അ‍ഞ്ച് ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Latest Videos

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘം; 36 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ

വിദ്യാർഥികൾക്ക് വിൽപ്പന നടത്താനായി എത്തിച്ച 36 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുൻ (21) നെയാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. 100 ഗ്രാമിന്‍റെ 36 പൊതികളാണ് പൊലീസ് പ്രതിയില്‍ നിന്നും കണ്ടെത്തിയത്. വർഷങ്ങളായി മലപ്പുറം ജില്ലയിലെ കൊളത്തൂരിലെ സ്‌കൂൾ പരിസരങ്ങളിലും കുറുപ്പത്താൽ ടൗൺ കേന്ദ്രീകരിച്ച് പ്രദേശവാസികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അർജുനെന്ന് എക്സൈസ് പറഞ്ഞു. പ്രതിക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചെന്നും  എക്സൈസ് അധികൃതർ പറഞ്ഞു.

എക്സൈസ് ഓഫീസർ യു കുഞ്ഞാലൻകുട്ടി സിവിൽ എക്സൈസ് ഓഫീസർ കെ നിപൺ, മുഹമ്മദ് നിസാർ എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ബസ് സ്റ്റാൻഡിന് പിറകിലെ ഇടവഴികളും റോഡുമാണ്കഞ്ചാവ് ലോബി ഇവർ താവളമാക്കുന്നത്. വിദ്യാർഥികളെ ലക്ഷ്യം വെച്ചുള്ള കഞ്ചാവ് വിൽപ്പനക്ക് തടയിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. 

click me!