തൃശൂര്‍ എടിഎം കവര്‍ച്ച: പണംനിറച്ച കണ്ടെയ്നറുമായി കൊള്ളക്കാര്‍ പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Sep 27, 2024, 12:02 PM IST
Highlights

ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് പൊലീസിന്‍റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. 

നാമക്കൽ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടില്‍ പിടിയില്‍. എടിഎം യന്ത്രങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 65 ലക്ഷം കവർന്ന ഹരിയാനക്കാരായ സംഘത്തെയാണ് നാമക്കലിൽ തമിഴ്‌നാട് പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കിയത്. അര മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനിടെ പൊലീസിന്റെ വെടിയേറ്റ് കൊള്ള സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് കാലിൽ വെടിയേറ്റു. രണ്ട് പോലീസുകാർക്കും കുത്തേറ്റു. 

ഹരിയാന സ്വദേശികളായ കൊള്ള സംഘം കാറിലെത്തി കവർച്ച നടത്തിയ ശേഷം കാർ കണ്ടെയ്നറിൽ ഒളിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു. മോഷണ സംഘം സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചതോടെ നാമക്കൽ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഈ സമയത്താണ് കൊള്ളസംഘം പൊലീസിനെ ആക്രമിച്ചത്. എടിഎമ്മിൽ നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപ കൊള്ളക്കാരിൽ നിന്ന് പിടിച്ചെടുത്തു. സിനിമയെ വെല്ലുന്ന ഏറ്റുമുട്ടലാണ് പട്ടാപ്പകൽ നാമക്കലിൽ നടന്നത്. എടിഎം കൊള്ളയ്ക്കായി കാറിലാണ് സംഘമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കവർച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന് കാറും പണവും ഉൾപ്പെടെ കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. കണ്ടെയ്‌നർ, റോഡിൽ അപകടം ഉണ്ടാക്കിയതാണ് കൊള്ളസംഘം കുടുങ്ങാൻ കാരണം. 

Latest Videos

മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപയും കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയും ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം.  പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവര്‍ച്ച.

നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ സംഘമാണ് ഇപ്പോള്‍ പിടിലായതെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!