മാസപ്പടി കേസിൽ മകൾ പ്രതി: മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസും ബിജെപിയും; രാജിവെക്കണമെന്ന് ആവശ്യം

Published : Apr 03, 2025, 08:31 PM IST
മാസപ്പടി കേസിൽ മകൾ പ്രതി: മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസും ബിജെപിയും; രാജിവെക്കണമെന്ന് ആവശ്യം

Synopsis

സേവനം നൽകാതെ 2.7 കോടി രൂപ കൈപ്പറ്റിയെന്ന കണ്ടെത്തലിൽ വീണ വിജയനെ എസ്എഫ്ഐഒ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കൾ. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ലെന്നും പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂവെന്നും പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു.

സേവനമൊന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ. സിഎംആർഎല്ലിന് പുറമെ എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും പണം എക്സാലോജികിലേക്ക് എത്തി. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറക്റ്റർമാർ. പ്രതികൾക്കെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തി. ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താമെന്നും വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്നു രക്ഷപ്പെടാനായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ ആരോപിച്ചു.  വീണ വിജയനെ എസ്.എഫ്.ഐ.ഒ പ്രതി ചേർത്തത് അതീവ ഗൗരവതരമായ വിഷയമാണെന്ന് പ്രതികരിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണ വിജയൻ്റെ കമ്പനിക്ക് പണം ലഭിച്ചതെന്ന് കുറ്റപ്പെടുത്തി. അഴിമതി നടത്തിയതിൻ്റെ ധാർമ്മിക ഉത്തരവാദിത്തം  ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം. മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ടെന്നും അദ്ദേഹം ചോദിച്ചു.

സാമ്പത്തിക ക്രമക്കേട് കേസില്‍ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി ഇനി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പ്രതിനിധികള്‍ അടിയന്തിരമായി പകരം മുഖ്യമന്ത്രിയെ കണ്ടെത്തി കേരളജനതയോട് നീതി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്