ഭക്ഷണം കഴിക്കാതെയും ഷേവ് ചെയ്യാതെയും എവിടെയും ഓടിയലഞ്ഞു നടന്നിരുന്ന ഉമ്മൻചാണ്ടി മുഷിയാത്ത വേഷം ധരിച്ചുതുടങ്ങിയത് വിവാഹാനന്തരമാണ്
യുവതുർക്കികൾ കേരളം വാഴുന്ന കാലമായിരുന്നു അത്. മുഖ്യമന്ത്രിയായ എ കെ ആന്റണിയടക്കം അവിവാഹിതർ. ആന്റണിയുടെ അവിവാഹിത സംഘമെന്ന പേരു തന്നെയുണ്ടായിരുന്നു അക്കാലത്ത് ഈ യുവനേതാക്കൾക്ക്. അവിവാഹിത സംഘത്തിൽ നിന്ന് ആന്റണിക്ക് മുമ്പേ പുറത്തുചാടിയത് ഉമ്മൻ ചാണ്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിവാഹത്തെക്കുറിച്ച് ചെറിയാൻ ഫിലിപ്പ് തന്റെ പുസ്തകമായ കാൽനൂറ്റാണ്ടിൽ പറയുന്നതിങ്ങനെ.
'ആന്റണിയുടെ അവിവാഹിത സംഘത്തിൽ നിന്ന് തന്റെ ഉറ്റ തോഴനായ ഉമ്മൻ ചാണ്ടി കാലുമാറിയത് ആയിടെയാണ്. വിവാഹക്കാര്യം ഉമ്മൻചാണ്ടി ആരോടും പറഞ്ഞില്ല. ആർക്കും ക്ഷണക്കത്തും കൊടുത്തില്ല. കേട്ടറിഞ്ഞ് പലരും കോട്ടയത്ത് എത്തിയപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. ഭക്ഷണം കഴിക്കാതെയും ഷേവ് ചെയ്യാതെയും എവിടെയും ഓടിയലഞ്ഞു നടന്നിരുന്ന ഉമ്മൻചാണ്ടി മുഷിയാത്ത വേഷം ധരിച്ചുതുടങ്ങിയത് വിവാഹാനന്തരമാണ്'.- പിന്നീട് ആന്റണിയുടെ വിവാഹക്കാര്യത്തിലും മുന്നിൽ നിന്നത് ഉമ്മൻ ചാണ്ടിയായിരുന്നുവെന്നത് ആന്റണി തന്നെ പറഞ്ഞിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭാര്യ.
ഉമ്മൻ ചാണ്ടിയെ വിവാഹം കഴിച്ചതിനെക്കുറിച്ച് മറിയാമ്മ നേരത്തെ പറഞ്ഞിട്ടുണ്ട്. വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് തനിക്കൊരു പ്രണയലേഖനം ഉമ്മൻ ചാണ്ടിയിൽ നിന്നും വരുന്നതെന്ന് മറിയാമ്മ പറഞ്ഞിരുന്ന. നെടുനീളെയുള്ള പ്രണയ ലേഖനങ്ങൾക്ക് ഒരുവരിയിലായിരുന്നു പലപ്പോഴും മറുപടി വന്നിരുന്നത്. ആദ്യ പ്രണയക്കുറിപ്പ് അയച്ചത് ഉമ്മൻ ചാണ്ടിയാണ്. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പിനിടെയാണ് വിവാഹം ഉറപ്പിക്കുന്നത്. ആ സമയത്താണ് മണവാളന്‍റെ കൈപ്പടയില്‍ തപാലില്‍ ഒരു കത്ത് വന്നത്. ആദ്യത്തെ പ്രേമലേഖനം! ആകാംക്ഷയില്‍ തുറന്ന് നോക്കിയപ്പോള്‍ രണ്ടേ രണ്ടുവരി മാത്രം. "തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്, പ്രാര്‍ത്ഥിക്കുമല്ലോ" എന്നായിരുന്നു ആ വരികൾ.
വിവാഹം ഉറപ്പിച്ചിരിക്കുവല്ലേ മറുപടി അയക്കാതിരുന്നാല്‍ മോശമല്ലേയെന്ന് തന്റെ അമ്മാമ്മ പറഞ്ഞിരുന്നുവെന്നും മറിയാമ്മ ഓര്‍മ്മിച്ചെടുക്കുന്നു. പിന്നീട് ഒരിക്കല്‍ ഇതേ പറ്റി സംസാരിച്ചപ്പോൾ അന്ന് മറുപടി അയച്ചിരുന്നെങ്കില്‍ കല്യാണം മാറിയേനെ എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞുവെന്നും മറിയാമ്മ പറഞ്ഞിരുന്നു.
Read More... കഴിവുറ്റ ഭരണാധികാരി, ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തി; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി