കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പിഎം ആർഷോക്കെതിരെ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞാണ് അഖില റിപ്പോർട്ട് ചെയ്തത്
തിരുവനന്തപുരം: മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് വിരട്ടാനുള്ള ശ്രമമാണെന്ന് മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ. ആർഷോയ്ക്ക് അപകീർത്തി കേസ് നൽകാനുള്ള അവകാശങ്ങളുണ്ട്. എന്നാൽ അഖിലക്കെതിരെ മാത്രം പരാതി നൽകിയതിൽ ധന്യ സംശയം പ്രകടിപ്പിച്ചു.
'ഈ പൊലീസ് പരാതി ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. ഇവിടെ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് അഖിലക്കെതിരെ മാത്രം കേസ് നൽകിയത്? നിരവധി മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഏത് വ്യക്തിക്കും അപകീർത്തി കേസ് നൽകാവുന്നതാണ്. എന്നാൽ ഗ്രൗണ്ട് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് നേരെ പരാതി നൽകുന്നത് വിരട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അഖില അവാർഡ് ജേതാവായ മാധ്യമപ്രവർത്തകയാണ്. മനുഷ്യാവകാശ കമ്മീഷന്റെ വരെ അംഗീകാരം നേടിയ മാധ്യമപ്രവർത്തകയാണ് അഖില. കേസിൽ പൊലീസ് കുറേക്കൂടി ജാഗ്രത കാട്ടേണ്ടിയിരുന്നു. ഇത്തരത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്'- അവർ വിമർശിച്ചു.
ജൂൺ ആറിനാണ് മഹാരാജാസ് കോളേജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ അഖില പോയത്. ആ സമയത്ത് കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പോയിരുന്നു. ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം അഖില തേടിയിരുന്നു. ഈ ഘട്ടത്തിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പിഎം ആർഷോക്കെതിരെ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണം എന്ന് പറഞ്ഞാണ് അഖില റിപ്പോർട്ട് ചെയ്തത്. ഈ സംഭവത്തിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.