'എൽഡിഎഫുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തിക്കഴിഞ്ഞു. പാലാ എന്‍സിപിക്ക് ഇല്ലായെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാൽ എൽഡിഎഫിൽ ഇല്ലായെന്ന് പറഞ്ഞിട്ടില്ല'
ദില്ലി: ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ നാളെ തീരുമാനമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. എന്തുവന്നാലും പാലായിൽ മത്സരിച്ചിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തിക്കഴിഞ്ഞു. പാലാ എന്‍സിപിക്ക് ഇല്ലായെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാൽ എൽഡിഎഫിൽ ഇല്ലായെന്ന് പറഞ്ഞിട്ടില്ല. നാളെ ശരദ് പവാറുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തും. ഇതിനായി യാത്ര റദ്ദാക്കി പവാര്‍ ദില്ലിയിൽ തുടരുകയാണെന്നും മാണി സി കാപ്പൻ അറിയിച്ചു. മുന്നണി മാറ്റത്തിലെ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടെന്ന് സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനും വ്യക്തമാക്കി. ഇതോടെ എ കെ ശശീന്ദ്രൻ്റെ എതിർപ്പിനിടെ അന്തിമ തീരുമാനം നാളെ പ്രഫുൽ പട്ടേൽ ദില്ലിയിൽ പ്രഖ്യാപിക്കുമെന്ന് ഉറപ്പായി.
ശരദ് പവാറിൻ്റെ ജൻപഥിലെ വസതിയിൽ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് സംസ്ഥാന നേതാക്കളുടെ പ്രതികരണം. പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നും രാജ്യസഭ പ്രതീക്ഷിക്കേണ്ടെന്നും മാണി സി കാപ്പന്‍ ശരദ് പവാറിനെ ധരിപ്പിച്ചു. പ്രഫുല്‍ പട്ടേലിനെ വിളിച്ച് പാലാ നല്‍കില്ലെന്ന് പിണറായി വ്യക്തമാക്കിയ കാര്യവും പങ്കുവെച്ചു. മുന്നണി തുടരേണ്ടതില്ലെന്നാണ് തന്‍റെ നിലപാടെന്നും മാണി സി കാപ്പന്‍ പവാറിനോട് പറഞ്ഞു. എന്ത് നിലപാട് സ്വീകരിക്കണമെന്ന പവാറിന്‍റെ ചോദ്യത്തോട് ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ടി പി പീതാംബരനും വ്യക്തമാക്കി. അതേ സമയം കാപ്പന്‍റെ ഏകപക്ഷീയ പ്രഖ്യാപനെത്തെ ചോദ്യം ചെയ്ത എ കെ ശശീന്ദ്രന്‍ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തോട് താല്‍പര്യമില്ലെന്നും,പുനരാലോചനകള്‍ വേണമെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടു.
undefined
അതിനിടെ പാലാ സീറ്റിൽ എൽഡിഎഫിൽ ഇടഞ്ഞു നിൽക്കുന്ന മാണി സി കാപ്പൻ എംഎൽഎയെ തള്ളി സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ രംഗത്തെത്തി. പാലായിൽ ജയിച്ചത് മാണി സി കാപ്പന്റെ മികവുകൊണ്ടല്ലെന്നും ഇടത് മുന്നണി മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടേയും സർക്കാരിന്റെ പ്രവർത്തന മികവുമാണ് ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പനെ വിജയത്തിലേക്ക് നയിച്ചതെന്നും വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതിനിടെ മാണി സി.കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. എൻസിപി നിർണായക തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചെന്നിത്തല പ്രതികരിച്ചു. ഔദ്യോഗിക ചർച്ച നടന്നിട്ടില്ലെന്നും പാലാ സീറ്റ് മാണി സി കാപ്പന് നൽകുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാണി സി കാപ്പൻ കോൺഗ്രസിലേക്ക് വന്നാലും സന്തോഷമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം. കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നതും പരിഗണിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു.