'കയ്യില്‍ കരുതിയിരുന്ന പണം ചികിത്സയ്ക്കും മറ്റുമായി ചെലവായി. ദിവസവും 1000 രൂപയോളം ആശുപത്രിയില്‍ വേണ്ടിവന്നു. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു'.
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി രണ്ടരലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഒരായുസ്സ് കൊണ്ട് സമ്പാദിച്ചതൊക്കെയും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെടുമ്പോള്‍ വ്യത്യസ്തമായൊരു തീരുമാനത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയാണ് ആദി ബാലസുധ എന്ന കോഴിക്കോട് സ്വദേശി. സ്വന്തം സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് ആദി മാതൃകയായത്. എന്നാല്‍ ആദിയുടെ നന്മ ഇതാദ്യമായല്ല പുറത്തറിയുന്നത്, കഴിഞ്ഞ പ്രളയത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ സംഭാവന നല്‍കിയതിന്‍റെ സ്ക്രീന്‍ഷോട്ട് അയച്ചുകൊടുക്കുന്നവരുടെ ചിത്രം അദ്ദേഹം സൗജന്യമായി വരച്ചു നല്‍കിയിരുന്നു.
സ്കൂട്ടര്‍ വില്‍ക്കാനുള്ള തീരുമാനത്തെ കുറിച്ച് ആദി ബാലസുധ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്;
undefined
ഒരു മാസത്തോളം നീണ്ട ആശുപത്രിവാസത്തിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് മഴക്കെടുതി സംസ്ഥാനത്ത് നാശം വിതച്ചത്. കയ്യില്‍ കരുതിയിരുന്ന പണം ചികിത്സയ്ക്കും മറ്റുമായി ചെലവായി. ദിവസവും 1000 രൂപയോളം ആശുപത്രിയില്‍ വേണ്ടിവന്നു. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കൈവശം സഹായിക്കാനുള്ള പണമില്ലായിരുന്നു. അങ്ങനെയാണ് സെക്കന്‍ ഹാന്‍ഡ് സ്കൂട്ടര്‍ വില്‍ക്കാമെന്ന് തീരുമാനിക്കുന്നത്. അയല്‍വാസിയും ബന്ധുവുമായ ആള്‍ക്ക് സ്കൂട്ടര്‍ വിറ്റു.
എന്‍റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം 40,000 രൂപ സ്കൂട്ടറിന്‍റെ വിലയായി നല്‍കി. അതില്‍ നിന്നും 25,000 രൂപയണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മുഴുവന്‍ തുകയും കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കയ്യില്‍ ചെലവിന് പോലും പണമില്ലാത്തത് കൊണ്ട് ബാക്കി തുക വീട്ടിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുകയായിരുന്നു- ആദി പറഞ്ഞു.
മഹാപ്രളയം, മഹത്തായ ആശയം
ഗ്രാഫിക് ഡിസൈനറാണ് ഞാന്‍. കോഴിക്കോട് ഫ്രീലാന്‍സറായിട്ടാണ് ജോലി ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കണ്ട ഒരു പോസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സഹായം നല്‍കുന്നവര്‍ക്ക് പകരമായി ചിത്രം വരച്ചുനല്‍കാമെന്ന് തീരുമാനിച്ചത്. 'കിളിമരം' എന്ന കൂട്ടായ്മയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ വിവരം പങ്കുവെച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി ആളുകള്‍ പണമടച്ച സ്ക്രീന്‍ഷോട്ട് സഹിതം ചിത്രങ്ങള്‍ അയച്ചു തന്നു. കൂടുതലും കുട്ടികളുടേതായിരുന്നു. കുട്ടികളുടെ ചിത്രങ്ങള്‍ അധികം വരച്ച് പരിചയമില്ലാത്തതിനാല്‍ കൂടുതല്‍ സമയമെടുത്തു ഓരോന്നും പൂര്‍ത്തിയാക്കാന്‍. അതുകൊണ്ട് തന്നെ ആവശ്യപ്പെട്ട എല്ലാവരുടെയും ചിത്രം വരച്ചുനല്‍കാന്‍ സാധിച്ചില്ല. പക്ഷേ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള ലക്ഷ്യത്തോടെയായത് കൊണ്ട് ആരും പരാതി പറഞ്ഞില്ല. അമ്പതിനായിരം രൂപക്ക് മുകളില്‍ അന്ന് ലഭിച്ചിരുന്നു. ഇത്തവണ പത്തുപേരുടെ ചിത്രമാണ് ഇത്തരത്തില്‍ വരച്ചുനല്‍കുന്നത്. അതുകൊണ്ട് തന്നെ കിളിമരം പേജിലൂടെ ആ വിവരം ഷെയര്‍ ചെയ്തിട്ടില്ല. സമയപരിമിധിയുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും കളക്ഷന്‍ സെന്‍ററുകളിലും സഹായമെത്തിക്കാനുള്ള ഓട്ടത്തിലാണ്. ആദി വ്യക്തമാക്കി.
1000 രൂപയാണ് കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെങ്കില്‍ ഇപ്രാവശ്യം 2500 രൂപ വരെ സംഭാവന നല്‍കിയതിന്‍റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ആളുകള്‍ ചിത്രം വരച്ചുനല്‍കാന്‍ ആവശ്യപ്പെടുന്നത്. പണം നല്‍കിയാല്‍ ചിത്രം വരച്ചുനല്‍കുന്ന നിരവധി കലാകാരന്‍മാരുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ഇടപെടല്‍ സമൂഹത്തിന് നല്ല സന്ദേശം പകരുമെന്നും തന്‍റെ പ്രവൃത്തി നിരവധി ആളുകള്‍ക്ക് പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നെന്നും ആദി പറഞ്ഞുനിര്‍ത്തി.