തൃശൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു, ഭാര്യയടക്കം 3 പേർ ചികിത്സയിൽ, ഭക്ഷണത്തിൽ വിഷാംശം?

By Web Team  |  First Published Apr 2, 2023, 2:21 PM IST

ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്.


തൃശൂർ : അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ശർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്. വീട്ടിൽ നിന്ന് ഇഡ്ഡലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചികിത്സയിലുള്ള ബാക്കി മൂന്നുപേർക്കും ഒരേ ലക്ഷണങ്ങളാണുള്ളത്. ശശീന്ദ്രന്റെ അമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാൾ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Latest Videos

 

click me!