മമ്പുറം മഖാം തുറക്കില്ല, തീരുമാനം കൊവിഡ് പടരുന്ന സാഹചര്യത്തിലെന്ന് ഭാരവാഹികള്‍

By Web Team  |  First Published Jun 7, 2020, 2:21 PM IST

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തല്‍ക്കാലം തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മമ്പുറം മഖാം മാനേജ്‌മെന്റ് ഭാരവാഹികള്‍


മലപ്പുറം: ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ഉണ്ടെങ്കിലും നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ഒരറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രകടിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തല്‍ക്കാലം തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മമ്പുറം മഖാം മാനേജ്‌മെന്റ് ഭാരവാഹികള്‍ വ്യക്തമാക്കി. 

ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പല മുസ്ലീം സമുദായ സംഘടനകളും പിന്മാറുകയാണ്. ചില സംഘടനകള്‍ നഗരത്തിലെ പള്ളികള്‍ മാത്രം അടച്ചിടാൻ തീരുമാനിച്ചപ്പോള്‍ മറ്റുചിലര്‍ മുഴുവന്‍ മസ്ജിദുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ്. കോഴിക്കോട് കുറ്റിച്ചിറയിലെ പ്രശസ്തമായ മിഷ്ക്കാല്‍ പള്ളി കൊവിഡ് വ്യാപന കാലത്ത് തുറക്കേണ്ടെന്നാണ് തീരുമാനം.

Latest Videos

undefined

കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനത്തിലാണ് മഹല്ല് കമ്മിറ്റികള്‍. മുജാഹിദ് വിസ്ഡം വിഭാഗത്തിന് കീഴിലുള്ള കേരളത്തിലെ ഒരു പള്ളിയും തുറക്കില്ല. നഗരപ്രദേശങ്ങളിലെ പള്ളികളൊന്നും തുറക്കേണ്ടെന്ന തീരുമാനത്തിലാണ് എപി സുന്നിവിഭാഗം. ഇതോടെ എപി വിഭാഗത്തിന്‍റെ പകുതിയോളം പള്ളികള്‍ സംസ്ഥാനത്ത് അടഞ്ഞ് കിടക്കും.
അതേ സമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത പള്ളികള്‍ യാതൊരു കാരണവശാലും തുറക്കരുതെന്ന നിലപാടിലാണ് ജമാഅത്തെ ഇസ്ലാമി.

 

 

 

 

click me!