മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ്

By Web Team  |  First Published Nov 12, 2024, 11:27 AM IST

വാട്സ്ആപ്പ് ഗ്രൂപ്പിൽ പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥൻ പരാതിയുമായി സമീപിച്ചാൽ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്ന് പൊലീസ് പറയുന്നു


തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഗോപാലകൃഷ്ണൻ്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഫോൺ ഹാക്ക് ചെയ്തതിൽ ശാസ്ത്രീയ തെളിവുകളും അപൂർണമാണ്. ഗ്രൂപ്പിൽപെട്ട ഏതെങ്കിലും ഉദ്യോഗസ്ഥൻ പരാതിയുമായി സമീപിച്ചാൽ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്ന് പൊലീസ് പറയുന്നു.

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻറെ സസ്പെൻഷനിലേക്ക് നയിച്ച മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു.  കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു ഗോപാലകൃഷ്ണൻ അഡ്മിനായുള്ള ഗ്രൂപ്പ് ഉണ്ടാക്കിയത്. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോൺ ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണൻറ വിശദീകരണം.

Latest Videos

പക്ഷെ ഗൗരവമേറിയ സംഭവമായിട്ടും ഗോപാലകൃഷ്ണൻ ആദ്യം പരാതി കൊടുത്തില്ല. ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കിയതിന് അടുത്ത ദിവസം മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും ഗോപാലകൃഷ്ണൻ അഡ്മിനായി വന്നു. പിന്നാലെ അതും ഡിലീറ്റായി. ഹാക്കിംഗ് എന്ന് പിന്നീട് ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകി. എന്നാൽ വിവരങ്ങളെല്ലാം മറച്ചാണ് തൻ്റെ രണ്ടു ഫോണുകളും ഗോപാലകൃഷ്ണൻ പൊലീസിന് അന്വേഷണത്തിനായി കൈമാറിയത്. സംഭവം ഹാക്കിംഗ് അല്ലെന്ന് ആദ്യം മെറ്റ അറിയിച്ചു. പിന്നാലെ ഫോറൻസിക് പരിശോധനയിലും ഹാക്കിംഗ് വാദം തള്ളി. ഇതോടെയാണ് ഗോപാലകൃഷ്ണൻ കുരുക്കിലായത്. ഗ്രൂപ്പുണ്ടാക്കി എന്നത് മാത്രമല്ല കള്ളവാദം ഉന്നയിച്ചു എന്ന പ്രശ്നം കൂടി ഗോപാലകൃഷ്ണൻ നേരിടുന്നുണ്ട്.

click me!