ബ്രിട്ടന്റെ ആരോഗ്യ സർവീസിൽ മെന്റൽ ഹെൽത്ത് നഴ്‌സിംഗ് മേധാവിയാണ് സോജൻ ജോസഫ്. കൺസർവേറ്റീവ് പാർട്ടിയുടെ സീറ്റ് 1,779 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സോജൻ പിടിച്ചെടുത്തത്.
കോട്ടയം: ബ്രിട്ടീഷ് പാർലമെന്റ് അംഗമായി വിജയിച്ചവരിൽ മലയാളിയും. കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫാണ് ആഷ് ഫെഡ് സീറ്റിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചത്. ബ്രിട്ടന്റെ ആരോഗ്യ സർവീസിൽ മെന്റൽ ഹെൽത്ത് നഴ്‌സിംഗ് മേധാവിയാണ് സോജൻ ജോസഫ്. കൺസർവേറ്റീവ് പാർട്ടിയുടെ സീറ്റ് 1,779 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സോജൻ പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ ഇ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്.
ബ്രിട്ടനിൽ 14 വർഷം നീണ്ട കൺസർവേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിൽ ഏറുകയാണ്. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളും ലേബർ പാർട്ടി നേടി. കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് ഉണ്ടായത്. അഞ്ച് കോടി വോട്ടർമാർ 650 പാർലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്ത ജനവിധിയിൽ കൺസർവേറ്റിവ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സീറ്റുകൾ പോലും ലേബർ പാർട്ടി പിടിച്ചെടുത്തു. ഒട്ടേറെ മുതിർന്ന കൺസർവേറ്റിവ് നേതാക്കൾ പരാജയം രുചിച്ചു. ഋഷി സുനക്കിന് റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താനായി എന്നത് മാത്രമാണ് ആശ്വാസം. കൺസർവേറ്റിവ് പാർട്ടിയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായാണ് ഋഷി സുനക് പ്രതികരിച്ചത്.