Malayalam News Live: രാജ്യതലസ്ഥാനത്തെ ആര് നയിക്കും? മുഖ്യമന്ത്രിയ്ക്കായി ബിജെപിയിൽ ചര്‍ച്ച
Feb 9, 2025, 7:12 AM IST
ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, ദില്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. ദേശീയ നേതൃത്ത്വത്തിന്‍റെതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കൾ ഇന്നലെ പ്രതികരിച്ചത്.
8:43 AM
സ്വകാര്യ ബസിന് തീപിടിച്ചു
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.
8:43 AM
പാതിവില തട്ടിപ്പ്; രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം
പാതിവില തട്ടിപ്പിൽ പണം പറ്റിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം. തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടോയെന്നറിയാനാണ് അന്വേഷണം നടത്തുന്നത്. അതേസമയം, കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഫ്ലാറ്റിലും ഓഫീസിലും ഇന്ന് തെളിവെടുപ്പ് നടത്തും. പാതിവില തട്ടിപ്പിൽ ഒരോ ദിവസവും പരാതികളുടെ എണ്ണം കൂടുകയാണ്. കേസിലെ പ്രതിയായ അനന്തുകൃഷ്ണന്‍റെ ഭൂമി ഇടപാടുകളുടെ വിശദാംശങ്ങളും പൊലീസ് തേടിയിട്ടുണ്ട്.
8:42 AM
സർക്കാരിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാർ കർഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്.
8:42 AM
പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിൽ
പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ഉപ്പുംപാടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്.