മലപ്പുറത്തേത് എംപോക്സിൻ്റെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം; രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്

By Web TeamFirst Published Sep 23, 2024, 7:36 PM IST
Highlights

പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്. എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ 35കാരനിലാണ് ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി,  തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും.

Latest Videos

സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ച് നടപടികള്‍ സ്വീകരിക്കും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തി. 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിച്ച് ചികിത്സ തേടണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി ആരെങ്കിലും എത്തിയാൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!