വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ എന്നും നൗഷാദ് അഹ്സാനി പറഞ്ഞു.
മലപ്പുറം: മലപ്പുറത്തെ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സിറാജുദ്ദീന്റെ സുഹൃത്ത് നൗഷാദ് അഹ്സാനി. വീട്ടിൽ പ്രസവിക്കാൻ ഭാര്യയെ നിർബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ മുൻപുള്ള പ്രസവങ്ങൾ വീട്ടിൽ ആയതിന്റെ ആത്മവിശ്വാസം ദമ്പതികൾക്ക് ഉണ്ടായിരുന്നു. ആശുപത്രിയിൽ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ല എന്നാണ് സിറാജുദ്ദീൻ പറഞ്ഞിരുന്നത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ എന്നും നൗഷാദ് അഹ്സാനി പറഞ്ഞു.
പ്രസവം നടന്ന ദിവസവും, സിറാജുദ്ദീൻ ഒരു സുഹൃത്ത് വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് താൻ നിർദ്ദേശിച്ചത്. അതേസമയം, കേസിൽ പൊലീസ് തെളിവെടുപ്പ് ഇന്നും തുടരും. സിറാജുദ്ദീനെ ചട്ടിപ്പറമ്പിലെ വീട്ടിലെത്തിച്ച് ഇന്നലെയും തെളിവെടുത്തിരുന്നു. വീട്ടിൽ എങ്ങനെ, എവിടെ വെച്ചാണ് സംഭവമെന്ന് സിറാജുദ്ദീൻ പൊലീസിന് വിവരിച്ചു നൽകിയിരുന്നു. ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയാൽ അടുത്ത ദിവസം തന്നെ മലപ്പുറം പൊലീസ് പെരുമ്പാവൂരിലേക്ക് തിരിക്കും. അസ്മയുടെ ബന്ധുക്കളുടെ അടക്കം മൊഴിയെടുക്കും.
നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. മലപ്പുറം പൊലീസാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്. ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും ചുമത്തിയാണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീൻ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
ഇതിനിടെ തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം കൊണ്ടുപോകാൻ സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചുവരുത്തിയതെന്ന് ആബുലൻസ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. സിറാജുദ്ദീൻ ഉള്‍പ്പെട്ട നവ മാധ്യമ കൂട്ടായ്മയെക്കുറിച്ചും വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം