ഇഡി വാദങ്ങൾ സുപ്രീംകോടതി തള്ളി, ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ജാമ്യം

By Web Team  |  First Published Aug 2, 2023, 11:30 AM IST

ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി.


ദില്ലി : ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി. 

നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിർദ്ദേശിച്ച് എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധർ നല്കിയ റിപ്പോർട്ട് എം ശിവശങ്കർ ഹാജരാക്കി. കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയതാണെന്നും എം ശിവശങ്കറിൻറെ അഭിഭാഷകൻ ജയ്ദദിപ് ഗുപ്ത ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയെ ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. കസ്റ്റഡിയിൽ തുടരുമ്പോൾ തന്നെ ശിവശങ്കർ നിശ്ചയിക്കുന്ന ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താവുന്നതാണെന്ന് തുഷാർ മേത്ത വാദിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷവും ചികിത്സ വേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തെ ജാമ്യം കോടതി നല്കിയത്. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയാണ് ജാമ്യം. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി പതിനാലിനാണ് എം ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 

Latest Videos

ലൈഫ് മിഷൻ അഴിമതിക്കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം. ജാമ്യം അനുവദിക്കുന്നത് ഏത് വിധേനെയും തടയാനായിരുന്നു എൻഫോഴ്സ്മെന്റ് നീക്കം. ചികിത്സ നടത്താൻ ജാമ്യം വേണമെന്ന് കോടതിയിൽ ശിവശങ്കർ വാദിച്ചപ്പോൾ, ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇഡി കോടതിയിൽ ഉയർത്തിയത്.

ശിവശങ്കറിനെതിരെ ഇഡി, സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുത്

കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നാണ് ഇഡി നിലപാട്. വിചാരണ ഉടൻ തുടങ്ങുന്നതിനാൽ ശിവശങ്ക‍ർ പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കും. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് സ്വർണക്കളളക്കടത്തുകേസിൽ ജാമ്യം നേടി ശിവശങ്കർ തൊട്ടു പിന്നാലെ ജോലിയിൽ പ്രവേശിച്ചുവെന്നും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഇഡി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സ്വപ്ന സുരേഷ് അടക്കമുളള കൂട്ടു പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്നാണ് എതിർ വാദം. 

click me!