കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽ നിന്നെന്ന് എം എം ഹസൻ

By Web Team  |  First Published Dec 21, 2024, 11:48 AM IST

സഹകരണ ബാങ്ക്, എൻഎസ്എസ് ചെന്നിത്തല കൂടിക്കാഴ്ച, മുനമ്പം വിഷയങ്ങളിൽ പ്രതികരണവുമായി എംഎം ഹസൻ


ദില്ലി: കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽ നിന്നെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.  കരുവന്നൂർ സംഭവം വന്നപ്പോൾ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. ബാങ്കിന്റെ നടത്തിപ്പ് അവതാളത്തിൽ ആയാൽ നിക്ഷേപകരെ സഹായിക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് വ്യവസ്ഥകൾ ഉണ്ടായിരുന്നു. കേരള ബാങ്ക് വന്നതോടെ എല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായി. മാതൃകാപരമായ നടപടി സഹകരണ ഡിപ്പാർട്ട്മെന്റ് എടുക്കണം. 

വീരകൃത്യം നിർവഹിച്ചതുപോലെയാണ് ജയിലിൽ നിന്ന് ഇറങ്ങുന്നവർക്ക് സിപിഎം  സ്വീകരണം നൽകുന്നത്. കോൺഗ്രസിന്റെ ബാങ്കുകളിൽ സമാനമായ പ്രശ്നമുണ്ടെങ്കിൽ നടപടി എടുത്തോട്ടെ. കുറ്റക്കാരെ ഞങ്ങൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും എംഎം ഹസൻ ദില്ലിയിൽ പ്രതികരിച്ചു. ദില്ലിയിൽ വന്നത് സ്വകാര്യ സന്ദർശനത്തിനാണെന്നും ദീപ ദാസ് മുൻഷിയുമായുള്ള കൊടിക്കാഴ്ച തീർത്തും സൗഹൃദ സന്ദർശനമാണെന്നും എംഎം ഹസൻ പ്രതികരിച്ചു. പ്രത്യേകിച്ചൊരു ദൗത്യം നിർവഹിക്കാൻ അല്ല ഞാൻ വന്നത്.  കെപിസിസി പ്രസിഡന്റ് എഫക്ടീവാണ്. അതുകൊണ്ടാണ് കണ്ണൂരിൽ നിന്ന് ജയിച്ചത്. പുനസംഘടനയും കെപിസിസി പ്രസിഡന്റിന്റെ ഇഫക്ടീവ്നെസ്സും തമ്മിൽ ബന്ധമില്ലെന്നും എംഎം ഹസൻ പ്രതികരിച്ചു.

Latest Videos

undefined

കേരളത്തിൽ സമവാക്യം മാറ്റം എന്നത് മാധ്യമങ്ങൾ കൊടുക്കുന്ന വ്യാഖ്യാനമാണ്. എൻഎസ്എസിനോ രമേശ് ചെന്നിത്തലയ്ക്കോ അത്തരത്തിൽ ഒരു വ്യാഖ്യാനമില്ല. എല്ലാവർഷവും രമേശ് ചെന്നിത്തല മന്നം ജയന്തിക്ക് പോകാറുണ്ട്. ഇടവേളയ്ക്കുശേഷം അവർ വിളിച്ചു. പോയി, അതിനപ്പുറം ഒന്നുമില്ല. എൻഎസ്എസുമായി കോൺഗ്രസ് പാർട്ടിയും യുഡിഎഫും നല്ല ബന്ധത്തിലാണ്. പാർട്ടിയുടെ സമീപനം തന്നെയാണ് പ്രതിപക്ഷ നേതാവിനും സമുദായ സംഘടനകളോടുള്ളത്. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടിയില്ല. മുഖ്യമന്ത്രിയായി ഒരാളെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് നേരിടുന്ന കീഴ് വഴക്കം  യുഡിഎഫിന് ഇല്ലെന്നും എംഎം ഹസൻ പ്രതികരിച്ചു.

മുനമ്പം വിഷയത്തിൽ കൺഫ്യൂഷൻ ഉണ്ടാക്കാനാണ് ബിജെപിയും സംസ്ഥാന സർക്കാർ  ശ്രമിക്കുന്നത്. ഫറോഖ് കോളേജ് നൽകിയ അഫിഡവിറ്റിൽ വഖഫ് ഭൂമിയല്ല എന്ന് പറയുന്നുണ്ട്. ലീഗിന്റെ നിലപാട് പാണക്കാട് തങ്ങൾ പറഞ്ഞിട്ടുണ്ട്. ലീഗിന്റെ ഒറ്റപ്പെട്ട നേതാക്കൾ പറയുന്നതല്ല ലീഗിന്റെ അഭിപ്രായമെന്നും  മുനമ്പം വിഷയം നീട്ടിക്കൊണ്ടുപോകുന്നത് പിണറായി വിജയൻ ആണെന്നും എംഎം ഹസൻ ആരോപിച്ചു. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ഈ വിഷയം പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും എംഎം ഹസൻ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!