അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ എല്‍ഡിഎഫിൽ ഒറ്റപ്പെട്ട പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് യുഡിഎഫ്. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്ന് എം എം ഹസൻ. അൻവറിന് രാഷ്ട്രീയ അഭയം നൽകേണ്ട ആവശ്യം ഇല്ലെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ വിശദമാക്കി. അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പി.വി.അൻവർ എം.എൽ.എയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഇക്ബാൽ മുണ്ടേരിയുടെ കുറിപ്പ് കണ്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.
അതിനിടെ അൻവറിനെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പ് ഇക്ബാൽ മുണ്ടേരി ഡിലീറ്റ് ചെയ്തു. വാർത്ത പുറത്ത് വന്നതിന് പിറകെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. പി വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നാണ് മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡണ്ട് ഇക്ബാൽ മുണ്ടേരി കുറിപ്പിൽ വിശദമാക്കിയത്. ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി.വി.അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്.
ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണെന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിൻ്റെയും യു.ഡി എഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസ് കാരനായ അൻവർ തയ്യാറാവുന്ന ഘട്ടം വരുമെന്ന് ഇക്ബാൽ മുണ്ടേരി കുറിപ്പിൽ വിശദമാക്കിയത്. ഈ ദുഷ്ടശക്തികൾക്കെതിരെ നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും പി.വി.അൻവറിനോട് മുസ്ലീം ലീഗ് നേതാവ് കുറിപ്പിലൂടെ വിശദമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം