നിയമങ്ങള്‍ കാറ്റില്‍ പറത്തി 'കൊമ്പൻമാർ' വാഴുന്ന നിരത്തുകൾ

By Anoop Balachandran  |  First Published Jul 10, 2022, 8:22 PM IST

എന്തുകൊണ്ട് കോണ്‍ട്രാക്ട് കാര്യേജ് ബസുകളിൽ ചില നിയമലംഘനങ്ങൾ തുടരുന്നു എന്ന് അന്വേഷിച്ചാൽ ഉത്തരം ചെന്നെത്തുക ആരാധകരുടെ ഈ പ്രോത്സാഹനത്തിലാണ്. കൊമ്പൻ,എക്സ്പ്ലോഡ്,ജയ്ഗുരു,വണ്‍നസ്,ലണ്ടൻ,സുൽത്താൻ,കമലം,എംപറർ തുടങ്ങിയ ബസുകളാണ് നിയമലംഘനങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടുന്നത്.


ത്സരം കൂടി കൂടി തീക്കളിയിൽ എത്തി നിൽക്കുകയാണ് ടൂറിസ്റ്റ് ബസുകൾ തമ്മിലുള്ള നിരത്തിലെ പോരാട്ടം. പൂത്തിരി കത്തിക്കുന്ന അഭ്യാസങ്ങൾ നിത്യസംഭവമാണ്.  ആനപ്രേമികളെക്കാളും ആരാധകരുണ്ട് പുതിയ തലമുറയിൽ ടൂറിസ്റ്റ് ബസുകൾക്ക്. ഗജവീരന്‍മാരെക്കാളും ഇൻസ്റ്റാഗ്രാമിൽ പത്തിരട്ടി ഫോളോവേഴ്സ് ഉള്ള നിരത്തിലെ കൊമ്പൻമാർ .എന്തുകൊണ്ട് കോണ്‍ട്രാക്ട് കാര്യേജ് ബസുകളിൽ ചില നിയമലംഘനങ്ങൾ തുടരുന്നു എന്ന് അന്വേഷിച്ചാൽ ഉത്തരം ചെന്നെത്തുക ആരാധകരുടെ ഈ പ്രോത്സാഹനത്തിലാണ്. കൊമ്പൻ,എക്സ്പ്ലോഡ്,ജയ്ഗുരു,വണ്‍നസ്,ലണ്ടൻ,സുൽത്താൻ,കമലം,എംപറർ തുടങ്ങിയ ബസുകളാണ് നിയമലംഘനങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടുന്നത്.ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പതിനായിരക്കണക്കിന് ആരാധകർ ഓരോ ബസുകൾക്കുമുണ്ട്.

ബസിൽ പൂത്തിരി പുത്തരിയല്ല

Latest Videos

undefined

 കൊല്ലത്ത് പെരുമണ്ണിൽ  ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിയപ്പോൾ ഹൈക്കോടതി വരെ ഞെട്ടി.എന്നാൽ ടൂറിസ്റ്റ് ബസുകൾ തമ്മിലുള്ള കിടമത്സരത്തിൽ ഈ പൂത്തിരി പുത്തരിയല്ല. കൊമ്പൻ കത്തിച്ചതിനെക്കാൾ വലിയ പൂത്തിരികൾ നിന്ന് കത്തുന്ന ബസുകളുടെ ദൃശ്യങ്ങൾ ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.പല ദൃശ്യങ്ങളും ഈ ബസ് കമ്പനികൾ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിൽ അപ്ലോഡ് ചെയ്യുന്നതാണ്. വിനോദയാത്രക്കായി സ്പെഷ്യലൈസ് ചെയ്യുന്ന ബസുകളിലാണ് ഈ നിയമലംഘനം കൂടുതലായി കാണുന്നത്. ഫാൻസ് കരിമരുന്നുമായി കൊളെജ് വിദ്യാർത്ഥികൾ വിനോദയാത്രക്ക് എത്തുന്നത്.  ക്യാമ്പ് ഫയറിനിടയിലും യാത്ര അവസാനിക്കുന്ന ഘട്ടത്തിലൊക്കെയാണ് പൂത്തിരി കത്തിക്കുന്നത്.കൊല്ലത്ത് കൊമ്പന് തീപിടിക്കാൻ കാരണം ശരിക്കുമുള്ള പൂത്തിരി കത്തിച്ചതാണ്.എന്നാൽ ഇലക്ട്രിക്ക് പൂത്തിരിയും ഇപ്പോൾ പല പുതിയ ബസുകളിലും സജ്ജമാണ്.സ്വിച്ചിട്ടാൽ കത്തുന്ന പൂത്തിരികൾ.എസ്ആർഎം എന്ന പേരിലെ ബസിലെ പൂത്തിരി ദൃശ്യങ്ങളായിരുന്നു ഏറ്റവും അപകടം.ഒരു തുരങ്കത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്.മുന്നിൽ പോയ ബസിൽ നിന്നുംചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ ഇതും വൈറലായി

വർണ്ണപ്രപഞ്ചം ബസകങ്ങൾ

സഞ്ചരിക്കുന്ന നിയമലംഘനങ്ങളുടെ പട്ടിക വലുതാണ്.ബസിനുള്ളിൽ ഡാൻസ് ഫ്ലോറുകളെ വെല്ലുന്ന ലൈറ്റിംഗാണ്.അദ്യമൊക്കെ ബസിന്‍റെ ഉൾവശം കാണാനായിരുന്ന ലൈറ്റിംഗ്.എന്നാൽ പതിയെ ഇതൊക്കെ വർണ്ണ വിളക്കായി.പിന്നാലെ  എൽഇഡി ലൈറ്റായി. ലൈറ്റുകൾ നിറച്ച് നിറച്ച് ബസകങ്ങൾ വർണ്ണപ്രപഞ്ചങ്ങളായി മാറി.ഏറ്റവും പുതിയ രിതി പാനൽ ഘടിപ്പിച്ചുള്ള ലൈറ്റിംഗാണ്.ലക്ഷങ്ങളാണ് ഇത്തരം ലൈറ്റിംഗിന് ചെലവ്.വിനോദ യാത്രകൾക്ക് സർവീസ് നടത്തുന്ന കോണ്‍ട്രാക് കാര്യേജ് ബസുകൾ തമ്മിലുള്ള മത്സരം കൂടിയതോടെയാണ് ലൈറ്റിംഗ് കൂടിയത്.ബസിൽ ഫാൻസി ലൈറ്റ് കത്തിച്ച് ഇടുന്നതിൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരുണ്ട്.ഈ നിയമലംഘനം ആർക്കെങ്കിലും ശല്യമാകുന്നോ എന്ന ചോദ്യവും ബസ് ആരാധകർ ഉയർത്തുന്നു.ഒരു ബസ് തന്നെ കത്തി പോകാൻ വഴിവെക്കുന്ന അപകടകരമായ പ്രവണതയാണ് ഇതെന്ന് അങ്കമാലിയിൽ പരിശോധന നടത്തുമ്പോൾ  ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ച മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്‍റ് ഉദ്യോഗസ്ഥൻ സുനിൽ കുമാർ പിആർ പറഞ്ഞു.ബസ് നിർമ്മാണ കമ്പനികളുടെ  ഇലക്ട്രിക്ക് സെറ്റിംഗ് മാറ്റി  പുതിയ വയറിംഗ് നടത്തുന്നതും  ലോഡ് കൂടുന്നതും അപകടമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.അങ്ങനെയാണ് ലൈറ്റിംഗ് കളികൾ തീക്കളിയാകുന്നത്.

അകവും പുറവും കിടുങ്ങും

വാഹനം സഞ്ചരിക്കുമ്പോഴാണ് ബസിനകത്തെ ഡാൻസ് ഫ്ലോറും നൃത്തവും.ഇപ്പോൾ വാഹനം നിർത്തിയിട്ടാൽ അതിനെക്കാളും വലിയ ആഘോഷമാണ്.വാഹനങ്ങളുടെ പുറം ബോഡിയിൽ അറകളുണ്ടാക്കി വലിയ സൗണ്ട് സ്പീക്കറുകൾ ഘടിപ്പിക്കുന്നതാണ് പുതിയ തരം നിയമലംഘനങ്ങൾ.വിനോദയാത്ര പോകുന്ന സംഘം മൂന്നും നാലും ബസുകൾ പാർക്ക് ചെയത് പുറത്തെ സ്പീക്കറുകൾ ഒന്നിച്ച് ഓണ്‍ ചെയ്ത് പാട്ടും ഡാൻസുമായി ആഘോഷിക്കുന്നു.മൈക്ക് അനുമതിയോ ശബ്ദമലിനീകരണം തടയാനുള്ള ചട്ടങ്ങളോ പാലിക്കാതെയാണ് ഇത്തരം ആഘോഷങ്ങൾ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തട‌ഞ്ഞ് നിർത്തി പരിശോധിച്ചാലും പുറം ബോഡിയിലെ അറകളിലെ ഈ സ്പീക്കറുകൾ ശ്രദ്ധയിൽപെടില്ല.

അധോലോകം, ദാവൂദ്, കാളിയൻ

അധോലോകം സംശയിക്കേണ്ട ഇപ്പോൾ വിവാദത്തിൽ നിൽക്കുന്ന കൊമ്പൻ കൂട്ടത്തിലെ ഒരു ബസിന്‍റെ പേരാണ്. യോദ്ധാവ്,ബോംബെ ,ദാവൂദ് തുടങ്ങിവയാണ് കൊമ്പൻ ടീമിലെ മറ്റ് അംഗങ്ങൾ.സിംഗം,ഗദ്ദാഫി,കാളിയൻ, ലിയോ,മെട്രിക്സ്,റെഡ്ബുൾ,ചേകവൻ,ക്ഷത്രിയൻ  ഇങ്ങനെ നീളുന്നു ഓരോ കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെയും പേരുകൾ.അകവും പുറവുമെല്ലാം നിയമലംഘനങ്ങൾ കൂട്ടിയാണ് ഇവർ കുപ്രസിദ്ധി കൂട്ടുന്നത്.യുവതലമുറയിൽ സൈബർ പട്ടാളം തന്നെ ഇവരുടെ നിയമലംഘനങ്ങൾ സാഹസമാക്കിയൊക്കെ ഉയർത്തിക്കാട്ടാൻ രംഗത്തുണ്ട്.അതുകൊണ്ട് പിഴ ഈടാക്കി ഈ കൊമ്പൻമാരെ മെരുക്കാം എന്ന് വിചാരിച്ചാൽ ഒന്നും സംഭവിക്കില്ല.ആഡംബരം കൂട്ടി ആരാധകരെ കൂട്ടുന്ന  പരിപാടികൾ തുടർന്ന് കൊണ്ടെ ഇരിക്കും. ഫിറ്റ്നസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടികളിലെ ഈ നിയമലംഘനങ്ങൾ അവസാനിക്കൂ.

അന്വേഷണ പരമ്പര തുടരും....

കൊല്ലത്ത് ടൂറിന് കൊഴുപ്പേകാൻ ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചു, ബസിന് തീപിടിച്ചു- വീഡിയോ

ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവം, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

click me!