രാജേഷ് കൃഷ്ണയെ പുറത്താക്കിയത് കേന്ദ്ര കമ്മിറ്റിയെന്ന് ലണ്ടനിലെ പാർട്ടി ഘടകത്തിന്‍റെ വിശദീകരണം. രാജേഷ് കൃഷ്ണക്കെതിരെ പരാതിയുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാൻ അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. അതിനെ മാനിക്കുന്നുവെന്നും എഐസി.
മധുര: പാർട്ടി കോൺഗ്രസിൽ നിന്ന് വിദേശ മലയാളിയെ പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി ലണ്ടനിലെ എഐസി. രാജേഷ് കൃഷ്ണയെ പുറത്താക്കിയത് കേന്ദ്ര കമ്മിറ്റിയെന്നാണ് ലണ്ടനിലെ പാർട്ടി ഘടകത്തില്‍ വിശദീകരണം. രാജേഷ് കൃഷ്ണക്കെതിരെ പരാതിയുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കാൻ അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. അത് ഞങ്ങൾ മാനിക്കുന്നുവെന്നും എഐസി വ്യക്തമാക്കുന്നു. രാജേഷ് കൃഷ്ണയ്ക്കെതിരെ തങ്ങളുടെ മുന്നിൽ പരാതി ഇല്ലെന്നും ബ്രിട്ടന്‍ പാർട്ടി ഘടകം വ്യക്തമാക്കി. അശോക് ദാവളെയുടെ സാന്നിധ്യത്തിലാണ് രാജേഷ് കൃഷ്ണൻ അടക്കം രണ്ട് പേരെ പാർട്ടി കോൺഗ്രസിൽ പ്രതിനിധികളായി തെരഞ്ഞെടുത്തത്.
പാർട്ടി കോൺഗ്രസില്‍ നിന്ന് രാജേഷ് കൃഷ്ണയെ പുറത്താക്കാന്‍ കാരണം ബ്രിട്ടന്‍ ഘടകത്തിലെ പരാതിയെന്ന് എളമരം കരീം പറഞ്ഞിരുന്നു. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകൾ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് പാർട്ടി കോൺഗ്രസിൽ നിന്ന് അസാധാരണ പുറത്താക്കൽ നടപടി ഉണ്ടായത്. ബ്രിട്ടനിലെ സിപിഎം അനുകൂല സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണ് രാജേഷ് കൃഷ്ണ പാർട്ടി കോൺഗ്രസിനായി എത്തുന്നത്. ബ്രിട്ടൻ സെക്രട്ടറിയായ ഹർസേവ് ആയിരുന്നു മറ്റൊരു പ്രതിനിധി. പത്തനംതിട്ടയിലെ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനിലാണ് നിലവിൽ താമസം. സിനിമാ നിർമ്മാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം മധുരയിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷ് കൃഷ്ണയെ തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇയാൾക്കെതിരെ നേരത്തെ ഒരു സിനിമ സംവിധായകയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പ് പരാതിയുമായും രംഗത്ത് വന്നിരുന്നു. രാജേഷിന്റെ മറ്റ് വിവാദ ഇടപാടുകൾ കൂടി ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കമ്മിറ്റിക്ക് പരാതി എത്തിയത് എന്നാണ് വിവരം. കേരളത്തിലെ പാർട്ടിയിലെ ചില നേതാക്കളും കുടുംബാംഗങ്ങളുമായി രാജേഷിന് അടുത്ത ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ശ്രീരാമകൃഷ്ണൻ അടക്കമുള്ളവരുടെ ലണ്ടൻ യാത്രയിലും സഹായിയായത് രാജേഷ് കൃഷ്ണയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം