പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് എങ്ങനെ?, ഒരുക്കിയ പ്രത്യേക ക്രമീകരണങ്ങള്‍ അറിയാം

By Web Team  |  First Published Jun 4, 2024, 2:49 AM IST

കൗണ്ടിങ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളില്‍ പരമാവധി 500 വോട്ട് ആണ് എണ്ണുക.


ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകളായിരിക്കും. കൗണ്ടിങ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളില്‍ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റ് റിട്ടേണിങ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന്റെ മേല്‍നോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും. പോസ്റ്റല്‍ വോട്ടെണ്ണല്‍ പ്രക്രിയ റിട്ടേണിങ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിങ് എജന്റിനെ നിയമിച്ചിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.

സര്‍വീസ് വോട്ടര്‍മാരുടെ ഇടിപിബിഎംഎസ് വോട്ടുകളും തപാല്‍ വോട്ടുകള്‍ പോലെ റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെ ലഭിച്ച ഇടിപിബിഎംഎസുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആര്‍ കോഡ് റീഡര്‍ ഉപയോഗിച്ച് വോട്ടുകള്‍ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പര്‍വൈസറും 10 ക്യു ആര്‍ കോഡ് റീഡിങ് ടീമിന് ഒരാള്‍ എന്ന തോതില്‍ എആര്‍ഒമാരും ഇതിനായുണ്ടാവും. ക്യു ആര്‍ കോഡ് റീഡിങ്ങിന് ശേഷം കവറുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും.  

Latest Videos

ലഭിച്ച തപാല്‍ വോട്ടുകളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാധുവായ തപാല്‍ വോട്ടുകള്‍ തരംതിരിച്ച ശേഷം ഓരോ സ്ഥാനാര്‍ഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20ലുള്ള റിസള്‍ട്ട് ഷീറ്റില്‍ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക. വിജയിച്ച സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടെണ്ണല്‍ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാല്‍വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിങ് ഓഫീസര്‍ അസാധുവായ മുഴുവന്‍ വോട്ടുകളും വീണ്ടും പരിശോധിക്കും. ഈ പുനപ്പരിശോധന മുഴുവന്‍ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.

കേരളത്തിലെ വോട്ടെണ്ണല്‍ 20 കേന്ദ്രങ്ങളില്‍, എണ്ണുന്നത് എങ്ങനെ? നടപടിക്രമങ്ങള്‍ അറിയാം
 

click me!