'ദൈവത്തിനും ലൂർദ്ദ് മാതാവിനും നന്ദി'; തൃശ്ശൂരിൽ മുക്കാൽ ലക്ഷം ലീഡ്; തൃശ്ശൂർ എടുത്ത് സുരേഷ് ​ഗോപി

By Web Team  |  First Published Jun 4, 2024, 2:35 PM IST

വോട്ടർമാരെ വഴിതെറ്റിച്ചു വിടാൻ ശ്രമം ഉണ്ടായി എന്നും എന്നാൽ ദൈവങ്ങൾ അവർക്ക് വഴികാട്ടിയെന്നും സുരേഷ് ​ഗോപി പറഞ്ഞു. 


തൃശ്ശൂർ: തൃശ്ശൂരിൽ മിന്നുന്ന ഭൂരിപക്ഷം നേടി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. 73091 വോട്ടാണ് തൃശ്ശൂരിൽ സുരേഷ് ​ഗോപിയുടെ ലീഡ്. 'തൃശ്ശൂരിൽ ഈ വിജയം എനിക്ക് അനു​ഗ്ര​ഹമായി സമ്മാനിച്ച എല്ലാ ഈശ്വരൻമാർക്കും എന്റെ ലൂർദ്ദ് മാതാവിനും പ്രണാമം' എന്ന് പറഞ്ഞാണ് സുരേഷ് ​ഗോപി മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. ഒരു വലിയ പോരാട്ടത്തിന്റെ കൂലിയാണ് ദൈവങ്ങൾ നൽകിയിരിക്കുന്നത്. തൃശ്ശൂരിലെ ജനങ്ങൾ പ്രജാ ദൈവങ്ങളാണ്. വോട്ടർമാരെ വഴിതെറ്റിച്ചു വിടാൻ ശ്രമം ഉണ്ടായി എന്നും എന്നാൽ ദൈവങ്ങൾ അവർക്ക് വഴികാട്ടിയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ജനങ്ങളെ വണങ്ങുന്നുവെന്നും നരേന്ദ്രമോദി തന്റെ രാഷ്ട്രീയ ദൈവമാണെന്നും പറഞ്ഞ സുരേഷ് ​ഗോപി കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും കേരളത്തിന്റെ വികസനമാണ് ലക്ഷ്യമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ''തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണ്. വഞ്ചിക്കില്ല, ചതിക്കില്ല പറഞ്ഞ വാക്കിൽ നിന്ന് മാറില്ല. കേന്ദ്രമന്ത്രി സ്ഥാനം സംബന്ധിച്ച് എനിക്കിപ്പോൾ ചില നിശ്ചയങ്ങൾ ഉണ്ട്. അക്കാര്യങ്ങൾ കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. പാർട്ടി തീരുമാനിച്ചാൽ നിന്ദിക്കുകയോ എതിർക്കുകയോ ചെയ്യില്ല.'' പാർലമെന്റിൽ എത്തിയാൽ കരുവന്നൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഹകരണ വകുപ്പിന്റെ കൊമ്പൊടിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.  

Latest Videos

മധുരം വിളമ്പിയാണ് സുരേഷ് ​ഗോപിയുടെ കുടംബം മുന്നേറ്റത്തെ ആഘോഷിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ ആണ് തൃശ്ശൂരില്‍ രണ്ടാം സ്ഥാനത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.

click me!