സുന്നി സംഘടനകളുടെ ഗ്രൂപ്പിൽ രണ്ട് ലീഗ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ആഹ്വാനം നടക്കുകയാണ്. സൈബർ പ്രചാരണം വഴി വിട്ടതോടെ പൊലീസിലും പരാതി.
മലപ്പുറം: വോട്ടെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ ലീഗ്, ഇ കെ സുന്നി പോര് രൂക്ഷമായി. സുന്നി സംഘടനകളുടെ ഗ്രൂപ്പിൽ രണ്ട് ലീഗ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ആഹ്വാനം നടക്കുകയാണ്. സൈബർ പ്രചാരണം വഴി വിട്ടതോടെ പൊലീസിലും പരാതി.
സത്യസരണി എന്ന പേരിലുള്ള സുന്നി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇവർ അംഗങ്ങളായ സമൂഹ മാധ്യമ പേജുകളിലുമാണ് ഇപ്പോൾ സുന്നി ലീഗ് യുദ്ധം നടക്കുന്നത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികളെയും മറ്റു മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെയും ജയിപ്പിക്കണമെന്നാണ് ആഹ്വാനം. ഇതിനായി പ്രത്യേക പോസ്റ്ററും പ്രചരിപ്പിക്കുന്നുണ്ട്. സമസ്തയെ തകർക്കുന്നവരെ ഇനിയും വെച്ചുപൊറുപ്പിക്കരുതെന്ന് ചില പോസ്റ്റുകൾ പറയുന്നു. സാദിഖലി തങ്ങളെയടക്കം വിമർശിച്ച് കൊണ്ടാണ് പോസ്റ്റുകളും ഓഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നത്. ലീഗിന് എസ്ഡിപിഐ ബന്ധമുണ്ടെന്നാണ് മറ്റൊരു ആരോപണം.
നേതാക്കളുടെ പഴയ കാല പ്രസംഗങ്ങളും ഇപ്പോഴത്തെ പ്രസംഗങ്ങളും വീഡിയോകളാക്കി അവർ സമസ്ത വിരുദ്ധരാണെന്നും ആരോപിക്കുന്നു. ഈ തർക്കം രൂക്ഷമായതോടെ നേതാക്കൾക്കെതിരെ അപകീർത്തി പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി ചില നേതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, തർക്കങ്ങളില്ല എന്നാണ് നേതാക്കളുടെ വിശദീകരണം. ലീഗ് വിരുദ്ധരുടെ നീക്കത്തെ പ്രതിരോധിക്കാൻ ലീഗ് അനുകൂലികളായ നേതാക്കളെ ലീഗ് നേതൃത്വം രംഗത്തിറക്കിയിട്ടുണ്ട്.
മഹല്ലുകളിൽ സംഘർഷമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ലീഗിന്റെ സമ്മർദമുണ്ടെങ്കിലും സമസ്ത നേതൃത്വം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നില്ല. ഒരു വിഭാഗം നേതാക്കളാകട്ടെ ഭൂരിപക്ഷം കുറഞ്ഞ പൊന്നാനിയിലെങ്കിലും ലീഗിനെ പാഠം പഠിപ്പിക്കുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. ചുരുക്കത്തിൽ ലീഗ് സമസ്ത തർക്കം തെരഞ്ഞെടുപ്പിൽ വോട്ട് മറിക്കുമോ എന്ന ആശങ്ക ശക്തമാണ്.