ഇവിടുത്തെ കാറ്റാണ് കാറ്റ്; ഡീന്‍ കുര്യാക്കോസ്- ജോയ്‌സ് ജോര്‍ജ് ഹാട്രിക് പോരാട്ടം! ഇടുക്കി ചരിത്രവും ചിത്രവും

By Web Team  |  First Published Mar 19, 2024, 12:13 PM IST

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ട് എന്ന് കരുതപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി


പൈനാവ്: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന് മുമ്പേ വിവാദങ്ങള്‍ നിറഞ്ഞ മണ്ഡലമാണ് ഇടുക്കി. സിപിഎം നേതാവ് എം എം മണിയുടെ അധിക്ഷേപ പ്രസംഗവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍റെ മറുപടിയും ഹൈറേഞ്ചില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഇടതിനും വലതിനും അവസരം നല്‍കിയിട്ടുള്ള ഇടുക്കിയുടെ വോട്ട് മനസ് ഇത്തവണ ആര്‍ക്കൊപ്പമാണ്? കര്‍ഷകരും തൊഴിലാളികളും നിറഞ്ഞ ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്‍റെ മുന്‍ ചരിത്രം പരിശോധിക്കാം. 

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ട് എന്ന് കരുതപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി. 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 171,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു ഇത്. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച സജീവമായിരുന്ന 2014ല്‍ ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ തന്നെ 50,542 വോട്ടിന് തോല്‍പിച്ച എല്‍ഡിഎഫ് പിന്തുണയുണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിനോട് 2019ല്‍ ഡീന്‍ കുര്യോക്കോസ് പകരം വീട്ടുകയായിരുന്നു. 2019ല്‍ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത 9,19,559 വോട്ടുകളില്‍ 498,493 ഉം ഡീന്‍ പിടിച്ചപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ഇടത് സ്വതന്ത്രനായി കളത്തിലിറങ്ങിയ ജോയ്‌സ് ജോര്‍ജ് 3,27,440 വോട്ടുകളിലൊതുങ്ങി. എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ഥി ബിജു കൃഷ്‌ണന്‍ 78,648 വോട്ടുകളാണ് 2019ല്‍ നേടിയത്. 

Latest Videos

Read more: 2019 തെരഞ്ഞെടുപ്പ്, 2020 പിളര്‍പ്പ്; കലങ്ങിമറിഞ്ഞ കോട്ടയം 2024ല്‍ ആര് പിടിക്കും?

തുടര്‍ച്ചയായ മൂന്നാം തെരഞ്ഞെടുപ്പിലും ഡീന്‍ കുര്യാക്കോസും ജോയ്‌സ് ജോര്‍ജും തമ്മിലാണ് ഇടുക്കിയിലെ പ്രധാന മത്സരം. ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥൻ ആണ് എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ഥി. നിയമസഭ മണ്ഡലങ്ങളില്‍ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയും കോതമംഗലവും ഇടുക്കി ജില്ലയിലെ ദേവികുളവും ഉടുംമ്പന്‍ചോലയും തൊടുപുഴയും ഇടുക്കിയും പീരുമേടും ചേരുന്നതാണ് ഇടുക്കി ലോക്‌സഭ മണ്ഡലം. കഴിഞ്ഞ രണ്ടുവട്ടവും ജോയ്‌സ് ജോര്‍ജ് ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരം. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചും ഇടതിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നതാണ് എങ്കിലും ഇടുക്കിയില്‍ ഇടതുപക്ഷത്തിന് ഡീനിന്‍റെ സ്വീകാര്യത വെല്ലുവിളിയാണ്. 

Read more: ലീഗും മലപ്പുറവും ചരിത്രവും; ഇ ടി മുഹമ്മദ് ബഷീര്‍ മഹാവിജയങ്ങള്‍ ആവര്‍ത്തിക്കുമോ

തോട്ടം മേഖലയിലും കാർഷിക മേഖലയിലുമുള്ള പ്രശ്‌നങ്ങള്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ വലിയ തെരഞ്ഞെടുപ്പ് ചര്‍ച്ചയാവും. കര്‍ഷക, തൊഴിലാളി വോട്ടുകളെ കേന്ദ്രീകരിച്ചാവും ഇടുക്കിയില്‍ എല്ലാ സ്ഥാനാര്‍ഥികളും പ്രചാരണം കൊഴുപ്പിക്കുക. നിലവില്‍ എല്‍ഡിഎഫ് പാളയത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വോട്ട് ഇടതുപക്ഷത്തിന് പ്രതീക്ഷയാണ്. അപ്പോഴും കഴിഞ്ഞവട്ടം ഡീന്‍ കുര്യാക്കോസ് നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷം തന്നെ ജോയ്‌സ് ജോര്‍ജിന് മുന്നിലുള്ള കനത്ത വെല്ലുവിളി. ബിഡിജെഎസിന് കാര്യമായ ചലനം മണ്ഡലത്തില്‍ സൃഷ്‌ടിക്കാനായേക്കില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!