
തിരുവനന്തപുരം: രാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയൻ ആവിഷ്കരിച്ച 'ബ്രേക്കിങ് ഡി' പദ്ധതിയുടെ ലോഗോ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെ കുറിച്ച വിവരങ്ങൾ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി.
ക്യു.ആര്‍ കോഡ് വഴി ആർക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ 'ബ്രേക്കിങ് ഡി' ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്റ്റാർട്ടപ് സംരംഭമായ സൂപ്പര്‍ എ.ഐയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും പ്രസ്ക്ലബ് ആസ്ഥാനങ്ങളിലും കെ.യു.ഡബ്ല്യു.ജെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ക്യു.ആർ കോഡ് സ്‌കാനര്‍ പ്രചാരണം നടക്കും. രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്യു.ആർ കോഡ് പോസ്റ്റർ പതിപ്പിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഒരു വര്‍ഷം നീളുന്ന കാമ്പയിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ പത്രപ്രവർത്തക യൂനിയൻ നേതൃത്വത്തിൽ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പുകളും നടത്തും. കണ്ണൂരില്‍ വോളിലീഗും, കാസര്‍കോട് വടംവലി ചാമ്പ്യന്‍ഷിപ്പും വയനാട്ടില്‍ ക്രിക്കറ്റ് ലീഗും കോഴിക്കോട് ഫുട്‌ബാള്‍ ലീഗും കാമ്പയിനിന്റെ ഭാഗമായി നടക്കും.
പദ്ധതിയുടെ മെഗാ ലോഞ്ച് ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ലോഗോ പ്രകാശന ചടങ്ങില്‍ കെ.യു.ഡബ്ല്യു.ജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സംസ്ഥാന സമിതി അംഗം വിപുല്‍നാഥ്, ഓഫിസ് സെക്രട്ടറി വി.എം രാജു, സൂപ്പര്‍ എ.ഐ സിഇഒ അരുണ്‍ പെരൂളി, വി.എം രാജു തുടങ്ങിയവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam