യു വി ജോസ് മുഖേന ചില രേഖകൾ തങ്ങൾക്ക് ചോർന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിരിക്കുന്നത്. ഇതിനിടെ സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക് നിയമനത്തെപ്പറ്റിയും ഇഡി അന്വേഷണം തുടങ്ങി.
കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സി ഇ ഒ യു വി ജോസിന് കുരുക്കായി കരാറുകാരൻ സന്തോഷ് ഈപ്പന്‍റെ മൊഴി. യു വി ജോസ് മുഖേന ചില രേഖകൾ തങ്ങൾക്ക് ചോർന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിരിക്കുന്നത്. ഇതിനിടെ സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക് നിയമനത്തെപ്പറ്റിയും ഇഡി അന്വേഷണം തുടങ്ങി.
ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സിഇഒ യുവി ജോസിനെ തുടർച്ചയായ രണ്ടാം ദിവസമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയത്. അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പന്‍റെ മൊഴിയിൽ യുവി ജോസിനെതിരായ ചില പരാമർശങ്ങളുണ്ട്. ലൈഫ് മിഷൻ സി ഇ യുടെ പൂർണ അറിവോടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. കരാർ നടപടികൾക്കുമുമ്പ് ചില രേഖകൾ യുവി ജോസ് മുഖാന്തിരം തങ്ങൾക്ക് കിട്ടിയിരുന്നു. ഹാബിറ്റാറ്റ് നൽകിയ ചില രേഖകളാണ് കിട്ടിയത്. ഇത് പരിഷ്കരിച്ചാണ് കരാർ രേഖയാക്കി സമർപ്പിച്ചത് എന്നാണ് മൊഴി. എന്നാൽ മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെ നിർദേശാനുസരണമാണ് താൻ എല്ലാക്കാര്യങ്ങളും ചെയ്തതെന്നും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നെന്നുമാണ് യുവി ജോസ് ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിനെല്ലാം പ്രത്യുപകാരമായി യുവി ജോസിന് ഏതെങ്കിലും ഘട്ടത്തിൽ കോഴപ്പണത്തിന്‍റെ ചെറിയൊരു പങ്കെങ്കിലും കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.
അഴിമതി നടത്തണമെന്ന ഉദ്ദേശത്തോടെയും മുന്നറിവോടും കൂടുയാണ് യുവി ജോസിന്‍റെ നടപടികളെങ്കിൽ എൻഫോഴ്സ്മെന്‍റിന്‍റെ പിടിവീഴും. ഇതിനിടെ സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്‍റെ വഴിവിട്ട നിയമനം ലൈഫ് മിഷൻ കോഴയ്ക്കുളള പ്രതിഫലമായിരുന്നോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ശിവശങ്കർ ഇടപെട്ടാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി തരപ്പെടുത്തിയതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതറിയാലാണ് സ്പേസ് പാർക് സ്പെഷൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിനെ വിളിച്ചുവരുത്തിയത്. സ്വപ്നയ്ക്ക് നിയമനം നൽകിയ പ്രൈസ് വാട്ടർ കൂപ്പേഴ്സിന്‍റെ അസോസിയേറ്റ് ഡയറക്ർ പ്രതാപ് നായരേയും വിളിച്ചുവരുത്തി.