18 പാർട്ടികൾക്ക് പ്രാതിനിധ്യമുള്ള നിയമസഭ; ഒറ്റ അംഗം മാത്രമുള്ള 10 പാർട്ടികൾ, ഇനിയും പ്രത്യേകതകളേറെ

By Web Team  |  First Published May 24, 2021, 2:29 PM IST

പതിനഞ്ചാം സഭയുടെ വിശേഷങ്ങളും പ്രത്യേകതകളും ഏറെയാണ്.  സഭയിൽ 53 പുതുമുഖങ്ങളാണ് ഇത്തവണയുള്ളത്. ആകെ അംഗങ്ങളുടെ 37 ശതമാനം പുതുമുഖങ്ങൾ. കഴിഞ്ഞ സഭയിലുണ്ടായിരുന്ന  75 അംഗങ്ങൾ ഇത്തവണയും സഭയിലുണ്ട്. 2016 നു മുമ്പ് അംഗങ്ങളായിരുന്ന 12 പേർ വീണ്ടും സഭയിലേക്കെത്തിയിട്ടുണ്ട്


തിരുവനന്തപുരം: പതിനഞ്ചാം സഭയുടെ വിശേഷങ്ങളും പ്രത്യേകതകളും ഏറെയാണ്.  സഭയിൽ 53 പുതുമുഖങ്ങളാണ് ഇത്തവണയുള്ളത്. ആകെ അംഗങ്ങളുടെ 37 ശതമാനം പുതുമുഖങ്ങൾ. കഴിഞ്ഞ സഭയിലുണ്ടായിരുന്ന  75 അംഗങ്ങൾ ഇത്തവണയും സഭയിലുണ്ട്. 2016 നു മുമ്പ് അംഗങ്ങളായിരുന്ന 12 പേർ വീണ്ടും സഭയിലേക്കെത്തിയിട്ടുണ്ട്.

മുൻപ് സ്പീക്കർ ആയിരുന്ന ഒരാൾ ഇത്തവണ മന്ത്രിയായി എത്തുന്നുവെന്ന് മറ്റൊരു പ്രത്യേകത. ദേവസ്വം ന്ത്രി കെ രാധാകൃഷ്ണൻ ആണ് ആൾ.   മുൻപ് ലോക്സഭാംഗങ്ങൾ ആയിരുന്ന അഞ്ചു പേർ ഇത്തവണ നിയമസഭയിലുണ്ട്.  പികെ കുഞ്ഞാലിക്കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എംബി രാജേഷ്, പിടി തോമസ്, രമേശ് ചെന്നിത്തല എന്നിവരാണത്.   മുൻപ് രാജ്യസഭാംഗങ്ങൾ ആയിരുന്ന രണ്ടു പേരുമുണ്ട് ഇത്തവണ സഭയിൽ. പി രാജീവ്, കെഎൻ ബാലഗോപാൽ എന്നിവർ.

Latest Videos

undefined

മുൻ പ്രതിപക്ഷ നേതാക്കളായ രണ്ടുപേരും ഇത്തവണ സഭയിലെത്തുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. തൊടുപുഴയിൽ നിന്ന് പിജെ ജോസഫ് സഭയിലെത്തുന്നത് പത്താം തവണയാണ്. 79 വയസുള്ള പിജെയാണ് സഭയിൽ ഏറ്റവും പ്രായം കൂടിയ പ്രതിനിധി. എട്ടാം തവണ എംഎൽഎ ആകുന്ന പികെ കുഞ്ഞാലിക്കുട്ടിയും ഏഴാം തവണ ആകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും സഭയിലുണ്ട്.

ആർ ബിന്ദു, തോട്ടത്തിൽ രവീന്ദ്രൻ, വികെ പ്രശാന്ത്, വി ശിവൻകുട്ടി തുടങ്ങിയ നാലു മുൻ മേയർമാർ ഇത്തവണ സഭയിലുണ്ട്.  കഴിഞ്ഞ മന്ത്രിസഭയിലെ എട്ട് മന്ത്രിമാരാണ് ഇത്തവണ മന്ത്രിപദമില്ലാതെ സഭയിലുള്ളത്. കെകെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, എംഎം മണി, എസി മൊയ്‌തീൻ, കെടി ജലീൽ, ടിപി രാമകൃഷ്ണൻ, ഇ ചന്ദ്രശേഖരൻ, മാത്യു ടി തോമസ് എന്നിവരാണത്.

ഇത്തവണ സഭയിൽ 11 വനിതകളാണ് അംഗങ്ങളായുള്ളത്. അതിൽ  10 പേരും ഇടതുപക്ഷത്തുനിന്നാണ്. മൂന്നു വനിതകൾ മന്ത്രിമാരും. ഏഴു വനിതകൾ പുതുമുഖങ്ങളാണ്. സ്പീക്കർക്കുമുണ്ട് 15-ാം നിയമഭയിൽ ചരിത്രപരമായ പ്രത്യേകത.  ആദ്യമായി നിയമസഭാംഗമാകുന്ന ഒരാൾ  തുടക്കത്തിൽത്തന്നെ സ്പീക്കറാകുന്നത് കേരളനിയമസഭയിൽ ഇതാദ്യമാണ്.  ആ അപൂർവ ബഹുമതി എം.ബി രാജേഷിന്സ്വന്തം.

ഇരു പക്ഷത്തുമായി ഇത്തവണ നിയമസഭയിൽ 18 പാർട്ടികൾക്ക് സഭയിൽ പ്രാതിനിധ്യമുണ്ട്.  ഇതിൽ 12 പാർട്ടികൾ എൽഡിഎഫിലാണ്.  ഒറ്റ അംഗം മാത്രമുള്ള 10 പാർട്ടികളാണ് ഇത്തവണ സഭയിലുള്ളത്. ഇതിൽ ഏഴു പാർട്ടികളും ഭരണപക്ഷത്താണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!