പുതുപ്പളളിയിൽ വ്യക്തിപരമായ ആരോപണങ്ങൾ വേണ്ടെന്ന നിലപാടാണ് സി പി എമ്മിനെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കോട്ടയം: ചികിത്സാ വിവാദത്തിൽ യു ടേണടിച്ച് സി പി എം. പുതുപ്പളളിയിൽ വ്യക്തിപരമായ ആരോപണങ്ങൾ വേണ്ടെന്ന നിലപാടാണ് സി പി എമ്മിനെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദമാക്കാനുള്ള നീക്കം സി പി എം ഉപേക്ഷിച്ചു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഈ വിഷയം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കില്ലെന്ന് എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉയർത്തിയ എം എൽ എ കെ അനിൽകുമാറിനെ തിരുത്തുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി സ്വീകരിച്ചത്.
അതേസമയം വിശുദ്ധൻ മിത്തല്ലെന്നും എം വി ഗോവിന്ദൻ വിവരിച്ചു. വിശുദ്ധൻ ഓർത്തഡോക്സ് സഭയുടെ വിശ്വാസരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം കോൺഗ്രസ് ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുത്തുന്നത് വിശ്വാസികൾ വിലയിരുത്തട്ടെയെന്നും സി പി എം സെക്രട്ടറി അഭിപ്രായപ്പെട്ടു. വിശുദ്ധൻ, പുണ്യാളൻ പരാമർശങ്ങളിൽ സി പി എം ഇടപെടില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ജെയ്ക്കിനെ ജയിപ്പിക്കാൻ പിണറായിയും പുതുപ്പളളിയിലേക്കെത്തും, രണ്ട് ഘട്ടങ്ങളിൽ പ്രചാരണം
അതേസമയം പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥി ജെയ്ക് സി തോമസ് വിജയിക്കുമെന്ന പ്രതീക്ഷയാണ് സി പി എം സംസ്ഥാന സെക്രട്ടറി പങ്കുവച്ചത്. ഇന്ന് ഉച്ചയോടെയാണ് പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസാകും എൽ ഡി എഫ് സ്ഥാനാർത്ഥിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളിയിൽ ജെയ്ക് മൂന്നാം അങ്കത്തിനാണ് ഇറങ്ങുന്നത്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലും പ്രവർത്തിക്കുയാണ്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് സി പി എം വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലുണ്ടായ വൈകാരിക സാഹചര്യം മാറ്റിവച്ചാൽ പുതുപ്പള്ളി മണ്ഡലം രാഷ്ട്രീയമായി അനുകൂലമെന്ന വിലയിരുത്തലും സി പി എമ്മിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം